ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു

വിദ്യാർഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത പ്രതിക്ക് സഹായം ചെയ്തെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.പത്തു മണിക്കൂർ നേരമാണ് ചോദ്യം ചെയ്യൽ നടന്നത്. ആര്യാടൻ ഷൗക്കത്തിൽ നിന്നും തൃപ്തികരമായ വിശിദീകരണം ലഭിച്ചില്ലെന്നാണ് സൂചനകൾ. തുടർന്നും അടുത്ത ദിവസ്സങ്ങളിൽ ചോദ്യം ചെയ്യൽ തുടരുമെന്നാണ് അറിയുന്നത്.
കോഴിക്കോട് എൻഫോഴ്സ്മെന്റ് യൂണിറ്റ് ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ബുധനാഴ്ച പകൽ 11ന് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് നാല് വരെ നീണ്ടു. വിദ്യാഭ്യാസ തട്ടിപ്പു കേസിൽ പ്രതിയായ സിബി വയലിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ‘ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ബോർഡ് അംഗമെന്ന വ്യാജ മേൽവിലാസം സംഘടിപ്പിച്ചു നൽകിയെന്നും ഇതിനായി മൂന്ന് കോടി രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.
ആര്യാടൻ ഷൗക്കത്തിന്റെ അടുപ്പക്കാാരനായ തിരുവമ്പാടി സ്വദേശി സിബി വയലിൽ തന്റെ ‘മേരിമാത എജ്യൂക്കേഷണൽ ട്രസ്റ്റി’ന്റെ പേരിൽ വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയിരുന്നു. കാനഡ, അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ എംബിബിഎസ് പഠനത്തിന് സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാർഥികൾ തട്ടിപ്പിനിരയായി. ഈ കേസിൽ ഇയാളെ കഴിഞ്ഞ നവംബറിൽ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട് ലോക്സഭ മണ്ഡലത്തിൽ മലയോര കർഷക മുന്നണി സ്ഥാനാർഥിയായിരുന്നു സിബി മലയിൽ. തെരഞ്ഞെടുപ്പ് സമയത്ത് ഇയാൾ സഞ്ചരിച്ചിരുന്നത് അശോകചിഹ്നം ഉൾപ്പെടുന്ന എഫ്സിഐയുടെ ബോർഡ് വെച്ച കാറിലായിരുന്നു. തട്ടിപ്പുകേസിൽ പ്രതിയായ വ്യക്തി എഫ്സിഐ ബോർഡ് വെച്ച കാറിൽ സഞ്ചരിക്കുന്നത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിലമ്പൂർ സ്വദേശിയായ സി ജി ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഡിജിപിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിച്ചതായത്. തുടർന്ന് കേസ് ഇഡിക്ക് കൈമാറുകയായിരുന്നു.
എഫ്സിഐ അംഗമാക്കാനായി ആര്യാടൻ ഷൗക്കത്തും മാധ്യമപ്രവർത്തകനായ എം പി വിനോദ് എന്നയാളും മൂന്ന് കോടി രൂപ കൈപ്പറ്റിയെന്ന് ചോദ്യം ചെയ്യലിൽ സിബി വയലിൽ മൊഴി നൽകി. ചോദ്യം ചെയ്യലിന് വിധേയനാക്കിയ വിനോദിനെയും ഇഡി പ്രതിചേർത്തിട്ടുണ്ട്. സിബി മലയിലിനെ പുകഴ്ത്തി നിരവധി ലേഖനങ്ങൾ വിനോദ് പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഷൗക്കത്ത് നിലമ്പൂർ നഗരസഭ ചെയർമാനായിരിക്കെ കേന്ദ്രമന്ത്രിമാരെയും കോൺഗ്രസ് നേതാക്കളെയും പങ്കെടുപ്പിച്ച് സിബിക്ക് സ്വീകരണം നൽകിയിട്ടുമുണ്ട്.