November 17, 2020

മനോരമയിൽ പ്രസിദ്ധീകരിച്ച ഇമെയില്‍ ഐഡി തെറ്റി; നിരവധി പേര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല

മലയാള മനോരമ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച തെറ്റായ ഇമെയില്‍ ഐഡിയില്‍ പരാതി അയച്ച നിരവധി പേര്‍ക്ക് വെള്ളിയാഴ്ച താലൂക്ക് കേന്ദ്രത്തില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ അദാലത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പല ജനകീയ വിഷയങ്ങളും ഉയര്‍ത്തി പരാതി നല്‍കിയ മലയോരത്തെ ആയിരക്കണക്കിന് കര്‍ഷകര്‍ക്കും മറ്റുള്ളവർക്കുമാണ് ഇത് മൂലം ബുദ്ധിമുട്ട് നേരിട്ടത്.

ജൂലൈ 16ന് പ്രസിദ്ധീകരിച്ച മനോരമ പത്രത്തില്‍ തളിപ്പറമ്പ് താലൂക്ക് ഓണ്‍ലൈന്‍ അദാലത്ത് ഓഗസ്റ്റ് 14ന് നടക്കുമെന്നും പരാതികള്‍
thaliparambatalukppa@gmail.com
എന്ന ഇമെയില്‍ ഐഡിയിലേക്ക് അയക്കണമെന്നും വാര്‍ത്ത നൽകിയിരുന്നു. എന്നാല്‍ അദാലത്ത് ദിവസമായ വെള്ളിയാഴ്ച രാവിലെ വരെ വിവരം ലഭിക്കാതിരുന്ന പരാതിക്കാര്‍ കലക്ട്രേറ്റില്‍ ബന്ധപ്പെട്ടപ്പോഴാണ് തെറ്റായ ഇമെയിലിലാണ് പരാതി അയച്ചത് എന്ന് മനസ്സിലാക്കുന്നത്. ഇതോടെ അദാലത്തില്‍ പങ്കെടുക്കാനുള്ള ഇവരുടെ അവസരവും നഷ്ടമായി.

പുലിക്കുരുമ്പ സ്വദേശികളായ മുട്ടത്തില്‍ ബെന്നി മാത്യു, മണക്കുഴിയില്‍ ജിമ്മി ജോസഫ്, ആലിലക്കുഴിയില്‍ ടോം മാത്യു, മണാട്ടി സ്വദേശി കെ സി ലക്ഷ്മണന്‍ തുടങ്ങി നിരവധി പേര്‍ക്കാണ് അദാലത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്. ഇവര്‍ മനോരമ പത്രത്തിനെതിരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കി. പരാതി അയയ്ക്കേണ്ടിയിരുന്ന യഥാര്‍ത്ഥ മെയില്‍ ഐഡി:
thaliparmbatalukppa@gmail.com

മനോരമയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ തൃപ്തികരമായ മറുപടിയല്ല ലഭിച്ചതെന്നും പരാതിക്കാർ ആരോപിച്ചു.
പല പ്രധാനപ്പെട്ട ജനകീയ വിഷയങ്ങളും അവതരിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ മനോരമ പത്രം ബഹിഷ്കരിക്കാൻ ഇതിനോടകം പലരും തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.