മണവേലി- ചാലിപ്പള്ളി റോഡിന്റെ നിർമ്മാണോദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനഃരുദ്ധാരണ പദ്ധതിയിലൂടെ 1000 കോടി രൂപയുടെ പദ്ധതിയിൽ അന്ർപത്തഞ്ച് ലക്ഷം രൂപയാണ് തണ്ണീർമുക്കത്തെ പദ്ധതിക്കായ് വിനിയോഗിച്ചിരിക്കുന്നത്. 1000കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന റോഡുകളുടെ സംസ്ഥാന തല ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത് ഏക റോഡാണ് തണ്ണീർമുക്കം പഞ്ചായത്തിലെ ചാലിപ്പള്ളി – മണവേലി റോഡ്.

കഴിഞ്ഞ നാലുവർഷത്തിനിടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പദ്ധതിനിർവഹണത്തിൽ റെക്കോർഡ് നേട്ടമാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്‍റെ പദ്ധതി വിഹിതത്തിൽ നിന്നും പതിമൂന്ന് ലക്ഷം രൂപയും എം.എൽ.എ കൂടിയായ മന്ത്രി പി.തിലോത്തമന്‍റെ ഫണ്ടിൽ നിന്നും മുപ്പത് ലക്ഷം രൂപയും ഉൾപ്പെടെ ഒരുകോടി രൂപയ്ക്ക് മേലാണ് ഈ പ്രദേശത്തെ റോഡുകളുടെ വികസനത്തിനായ് അനുവദിച്ചിട്ടുളളത്. നമ്മുടെ നാടിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും വലിയ പദ്ധതി ആദ്യമാണെന്ന് ചടങ്ങിൽ ആശംസ അർപ്പിച്ചു സംസാരിച്ച ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു.

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ. സി മൊയ്‌തീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, വൈദ്യുതി വകുപ്പ് മന്ത്രി എം. എം മണി എന്നിവർ പങ്കെടുത്തു. തണ്ണീർമുക്കം പഞ്ചായത്ത്‌ ചാലിപ്പള്ളി പ്രതീക്ഷ ഭവനിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ എ. എം ആരിഫ് എം. പി, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി വേണുഗോപാൽ, തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി. എസ് ജ്യോതിസ്, ജില്ല പഞ്ചായത്ത്‌ അംഗം സിന്ധു വിനു,സ്ഥിരംസമിതി അദ്ധ്യക്ഷമാരായ സുധർമ്മ സന്തോഷ്, ബിനിത മനോജ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സനൽനാഥ്, ഷൈലേഷ്, മിനി ബിദു, എന്നിവരും എസ്.രാധാകൃഷ്ണൻ,
എസ്. പ്രകാശൻ എന്നിവരും പങ്കെടുത്തു.