November 17, 2020

PMAYയുടെ പേരിൽ വ്യാജ പ്രചാരണം BJP നേതാവിനെതിരെ പരാതി നൽകി DYFI

ആഗസ്റ്റ് 1 മുതൽ പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതിയിൽ ഗുണഭോക്താക്കളെ ചേർക്കുന്നുവെന്ന പേരിൽ കൃഷ്ണകുമാർ അരൂക്കുറ്റി എന്ന BJP നേതാവ് ഫേസ് ബൂക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നതിനെതിരെ DYFI അരുക്കുറ്റി മേഖല കമ്മറ്റിയാണ് സൈബർ സെല്ലിന് പരാതി നൽകിയത്. സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയിൽ പുതിയതായി ഗുണഭോക്താക്കളെ ഉൾപ്പെടുത്തുവാൻ ആഗസ്റ്റ് 1 മുതൽ 14 വരെ സമയം അനുവദിച്ചു കഴിഞ്ഞ ദിവസ്സം ഉത്തരവ് ഇറക്കിയിരുന്നു. അതിനെ ആണ് പ്രധാനമന്ത്രി ആവാസ് യോജന എന്ന പേരിൽ സോഷ്യൽ മീഡിയ യിൽ വ്യാജപ്രചരണം ബി ജെ പി നേതാക്കൾ നടത്തുന്നത്. ഇത് ലൈഫ് മിഷൻ പദ്ധതിയെ തടസ്സപെടുത്താനും ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുവാനും വേണ്ടിയാണു എന്നാണ് പരാതിയിൽ പറയുന്നത്.

പി. എം.എ.വൈ (ജി) യിൽ ആവാസ്പ്ലസ്മൊബൈൽ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേർക്കുന്നതിന് 2019 മാർച്ച് 8 വരെയാണ് കേന്ദ്ര സർക്കാർ അനുമതി തന്നിരുന്നത്. അപ്രകാരം ചേർത്ത ഗുണഭോക്താക്കളുടെ ആധാർ പരിശോധനയ്ക്കു ശേഷമേ തുടർനടപടികൾ ഉണ്ടാകുകയുള്ളൂ. ആവാസ് പ്ലസ്സിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വ്യാജ പ്രചരണങ്ങൾ കണ്ട് തെറ്റിദ്ധരിച്ച് വി.ഇ.ഒമാരെയോ, ജനപ്രതിനിധികളെയോ സമ്മർദ്ദത്തിലാക്കരുതെന്ന് അഭ്യർത്ഥിച്ച് കൊണ്ട് പി.എം.എ.വൈ (ഗ്രാമീൺ ) സ്റ്റേറ്റ് നോഡൽ ഓഫീസർ, വി.എസ്.സന്തോഷ് കുമാറിൻ്റെ അറിയിപ്പും ഉണ്ടായിരുന്നു. ഇതൊക്കെ നിലനിൽക്കെയാണ് കൃഷ്ണകുമാർ
വ്യാജ പ്രചരണം തുടരുന്നത് .

ഫേസ്ബുക്കിലൂടെ ഇത്തരം തെറ്റായ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ആയതിനാൽ ഇയാൾക്കെതിരെ സൈബർ കുറ്റകൃത്യത്തിൽ പെടുത്തി ആവശ്യം വേണ്ട ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് പരാതി. പരാതി സ്വീകരിച്ച ആലപ്പുഴ ജില്ലാ സൈബർ പോലീസ് ഇത് പൂച്ചാക്കൽ സ്റ്റേഷന് അനന്തര നടപടികൾക്കായി കൈമാറി.