August 19, 2020

ആലപ്പുഴ ബൈപ്പാസ് ഒക്ടോബറിൽ തുറക്കും

ആലപ്പുഴ ∙ ബൈപാസിലെ റെയിൽവേ മേൽപാലങ്ങളിൽ നടത്തുക ഉന്നത നിലവാരമുള്ള അത്യാധുനിക ടാറിങ്. അസ്ഫാൾട്ട് ബിഎം ആൻഡ് ബിസി ടാറിങ് നടത്താൻ കഴിഞ്ഞ ദിവസം മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.

രണ്ടു യന്ത്രങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. 30 വിദഗ്ധ തൊഴിലാളികളെ തമിഴ്നാട്ടിൽനിന്ന് എത്തിക്കും. ഇവരെ വർക്ക് ക്വാറന്റീനിലാക്കും. മേൽപാലങ്ങളുടെ സമീപം തന്നെ ഇവർക്കു താമസസൗകര്യം ഒരുക്കും. ഭക്ഷണത്തിന് ഉൾപ്പെടെ ഇവർക്കു പുറത്തു പോകേണ്ടി വരാത്ത സൗകര്യം ഒരുക്കാനാണ് ആലോചന.

നിറയെ വിളക്കുകൾ

ബൈപാസിൽ മുഴുവൻ ഭാഗത്തും വിളക്കുകൾ സ്ഥാപിക്കാനും തീരുമാനമായി. ഇരുവശങ്ങളിലുമായി 440 വിളക്കുകളുണ്ടാവും. ഇതു സംസ്ഥാന സർക്കാരിന്റെ ചെലവിലാണു സ്ഥാപിക്കുക. കളർകോട് ഭാഗത്തും കൊമ്മാടി ഭാഗത്തും കൂടുതൽ നീളത്തിൽ അപ്രോച്ച് റോഡ് നിർമിക്കും.

ഒക്ടോബറിൽ തുറക്കാം

കോവിഡ് കാരണം തൊഴിലാളികളുടെ കുറവുണ്ട്, മഴ ശക്തമായേക്കാം; എന്നാലും ബൈപാസ് ഒക്ടോബറിൽ തുറക്കാമെന്ന് അധികൃതർക്കു പ്രതീക്ഷ. കാഞ്ഞിരംചിറ റെയിൽവേ മേൽപാലത്തിന്റെ കോൺക്രീറ്റ് പണികൾ കഴിഞ്ഞു. കുതിരപ്പന്തിയിൽ പണിതുടങ്ങി. 2 മാസത്തിനകം പൂർത്തിയാക്കാമെന്നാണു കണക്കുകൂട്ടൽ. കളർകോട്, കൊമ്മാടി ജംക്‌ഷനുകളുടെ വികസനവും പുരോഗമിക്കുന്നു.

3 സ്പാനുകളായാണു കുതിരപ്പന്തിയിലെ പണി. മേൽപാലത്തോടു ചേർന്നു തെക്കുഭാഗത്തെ പണിയാണ് ഇപ്പോൾ നടക്കുന്നത്. ബൈപാസിന്റെ ആദ്യത്തെ വിശദ പദ്ധതിരേഖ അപൂർണമായിരുന്നു. അപ്രോച്ച് റോഡും വഴിവിളക്കുകളും ഉൾപ്പെടുത്തിയിരുന്നില്ല. അവ ഇപ്പോൾ സംസ്ഥാനം ചെയ്യുന്നു