November 17, 2020

ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനുകളില്‍ ഇലക്ട്രോണിക്സ് സംവിധാനങ്ങളൊരുക്കി സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കെല്‍ട്രോണ്‍

രാജ്യത്തെ തന്ത്രപ്രധാന ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനുകളില്‍ ഇലക്ട്രോണിക്സ് സംവിധാനങ്ങളൊരുക്കി സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കെല്‍ട്രോണ്‍. ഇന്ത്യന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കീഴിലെ ഗുജറാത്ത് കക്രാപര്‍ അറ്റോമിക്ക് പവര്‍ പ്ലാന്റിലും രാജസ്ഥാന്‍ റാവത്ത്ഭട്ട അറ്റോമിക്ക് പവര്‍ പ്ലാന്റിലുമാണ് കെല്‍ട്രോണ്‍ പവര്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത്. പവര്‍ സ്റ്റേഷനുകള്‍ക്ക് ആവശ്യമായ യു.പി.എസ്സുകളും അനുബന്ധ ഇലക്ട്രോണിക്സ് സംവിധാനങ്ങളുമാണ് കെല്‍ട്രോണ്‍ സ്ഥാപിക്കുന്നത്. ഉപകരണങ്ങളുടെ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ രൂപകല്‍പ്പനയും നിര്‍മ്മാണവും കെല്‍ട്രോണിന്റേതാണ്. ഇന്ത്യയില്‍ ആദ്യമായി സീസ്മിക്, ഇഎംഐ/ഇഎംസി, ഐവി&വി തുടങ്ങിയ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സംവിധാനങ്ങളാണ് കെല്‍ട്രോണ്‍ ഉപയോഗിക്കുന്നത്. കക്രാപറിലെ 700 മെഗാവാട്ട് ഇലക്ട്രിക് പവര്‍ ശേഷിയുള്ള രണ്ട് പവര്‍ സ്റ്റേഷനുകളും (3&4) രാജസ്ഥാനിലെ രണ്ട് പവര്‍ സ്റ്റേഷനുകളുമാണ് (7&8) പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

ബി.ജി.ആര്‍ എനര്‍ജി സിസ്റ്റംസ് ലിമിറ്റഡില്‍ നിന്നും ലഭിച്ച ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ 2×500 കെവിഎ ശേഷിയുള്ള യു.പി.എസ് (8 എണ്ണം), ചാര്‍ജറുകള്‍, വിവിധ ശ്രേണിയിലുള്ള ഇന്‍വെര്‍ട്ടറുകള്‍ എന്നിവ ഉള്‍പ്പെടുന്ന സംവിധാനമാണ് കെല്‍ട്രോണ്‍ നിര്‍മ്മിച്ച് സ്ഥാപിക്കുന്നത്. ആദ്യഘട്ടമായി കക്രാപറിലെ പവര്‍ സ്റ്റേഷന്‍ 3 ന്റെ യു.പി.എസ് സംവിധാനങ്ങളുടെ പരിശോധനയും പ്രവര്‍ത്തനക്ഷമതയും 2018 ഡിസംബറില്‍ കെല്‍ട്രോണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ മാസം 22ന് കക്രാപറിലെ പവര്‍ സ്റ്റേഷന്‍ 3 പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായതായി ഇന്ത്യന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചു. പ്ലാന്റ് പൂര്‍ണമായും ആഭ്യന്തരമായി വികസിപ്പിച്ച സാങ്കേതിക സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കക്രാപറിലെ പവര്‍ സ്റ്റേഷന്‍ 4 ന്റെ യു.പി.എസ് സംവിധാനങ്ങളുടെ പരിശോധനകള്‍ അവസാനഘട്ടത്തിലാണ്. രാജസ്ഥാന്‍ അറ്റോമിക്ക് പവര്‍ പ്ലാന്റിലേക്കുള്ള ഉപകരണങ്ങളുടെ വിതരണവും സ്ഥാപനവും പൂര്‍ത്തിയായി. തുടര്‍പരിശോധനകള്‍ പുരോഗമിക്കുകയാണ്. 22.78 കോടിയുടെ ഓര്‍ഡറാണ് ലഭിച്ചത്. തിരുവനന്തപുരം കെല്‍ട്രോണ്‍ എക്യുപ്മെന്റ് കോംപ്ലക്സിലെ പവര്‍ ഇലക്ട്രോണിക്സ് ഗ്രൂപ്പാണ് പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്നത്.