35‌ വർഷം കോട്ടയം നഗരസഭയിൽ സേവനമനുഷ്‌ഠിച്ചിട്ടും;മരിച്ചപ്പോൾ ശ്‌മശാനം നിഷേധിച്ചു

35‌ വർഷം കോട്ടയം നഗരസഭയിൽ സേവനമനുഷ്‌ഠിച്ചിട്ടും ഔസേഫ്‌ ജോർജിന്‌‌ ആദ്യം ബിജെപിയുടെ കൗൺസിലറും സംഘവും ശ്‌മശാനം നിഷേധിച്ചു‌. ഒടുവിൽ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ വൻ പൊലീസ്‌ സന്നാഹത്തോടെ സംസ്‌കാരം നടത്തി. രാത്രി 11ന്‌ ശേഷം മൃതദേഹം േകാട്ടയം മെഡിക്കൽകോളെജിൽ നിന്ന്‌ മുട്ടമ്പലത്തെത്തിച്ച്‌ സംസ്‌കരിക്കുകയായിരുന്നു.
മുട്ടമ്പലത്ത്‌ സമരകോലാഹലം നടക്കുമ്പോൾ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു. നഗരസഭാധ്യക്ഷകൂടി പങ്കെടുത്ത ചർച്ചയിൽ‌ ഔസേഫിന്റെ മൃതദേഹം ശ്‌മശാനത്തിൽ അടക്കേണ്ടെന്ന്‌ ആദ്യം തീരുമാനിക്കുകയായിരുന്നു‌.
വ്യാജ പ്രചാരണം നടത്തിയാണ്‌ കോൺഗ്രസ്‌ പിന്തുണയോടെ ബിജെപി ജനത്തെ തെരുവിലിറക്കിയത്‌. സംസ്‌കാരം നടന്നാൽ ഇവിടം കണ്ടെയ്‌‌ൻമെന്റ്‌ സോണാകുമെന്ന്‌ തെറ്റിധരിപ്പിച്ചു. തികച്ചും സാധാരണക്കാരാണ്‌ ഇവിടത്തെ താമസക്കാർ. കണ്ടെയ്‌ൻമെന്റ്‌ സോണായാൽ ജോലിസ്ഥലത്ത്‌ കയറ്റില്ലെന്നും പട്ടിണിയാകുമെന്നും കൗൺസിലർ അടക്കമുള്ളവർ നാട്ടുകാരെ തെറ്റിധരിപ്പിച്ചു.
നഗരസഭാ പരിധിയിൽ മറ്റൊരു കോവിഡ്‌ മരണം കൂടി നടന്നാൽ പൊതുശ്‌മശാനത്തിലല്ലാതെ എവിടെ അടക്കുമെന്ന ചോദ്യം ബാക്കിയാണ്‌. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഇക്കാര്യം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയോട്‌ ചോദിച്ചപ്പോൾ അതൊക്കെ പിന്നീട്‌ ആലോചിക്കാമെന്നായിരുന്നു മറുപടി. ചർച്ചയിൽ നാട്ടുകാരെ കാര്യം പറഞ്ഞ്‌ ബോധിപ്പിക്കാൻഎംഎൽഎയ്‌ക്കോ നഗരസഭാധികൃതർക്കോ കഴിഞ്ഞിഞ്ഞുമില്ല.