November 17, 2020

കമ്മ്യൂണിസവും മുതലാളിത്തവും ; ഒരു താരതമ്യ പഠനം

ഒരു ശരാശരി ചൈനക്കാരന്റെ ചിന്താരീതി മുതലാളിത്ത രാജ്യങ്ങളിൽ നിന്നുള്ളവരു ടെ ചിന്താരീതിയിൽ നിന്നും എത്ര വ്യത്യസ്തം ആണ് എന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

രണ്ട് അമേരിക്കൻ-ചൈനീസ് സിനിമകളെ താരതമ്യം ചെയ്താൽ നമുക്ക് ഈ വ്യത്യാസം എളുപ്പം മനസ്സിലാകും.

“സാൻ അൻഡ്രിയാസ്” ഒരു അമേരിക്കൻ സിനിമയാണ്.
സാൻ ആൻഡ്രിയാസ് എന്ന അമേരിക്കൻ നഗരത്തിൽ വൻ ഭൂകമ്പങ്ങൾ ഉണ്ടാകുകയും, നഗരത്തിന്റെ സിംഹഭാഗവും നശിക്കുകയും, ധാരാളം ആളുകൾ മരണപ്പെടുകയും ചെയ്യുന്നതിന്റെ ഇടയിൽ റെസ്ക്യൂ ഹെലികോപ്റ്റർ പൈലറ്റ് ആയിരുന്ന നായകൻ ഹെലികോപ്റ്റർ ഉപയോഗിച്ച് നഗരത്തിൽ അകപ്പെട്ട് പോയ തന്റെ കുടുംബത്തെ രക്ഷിക്കാൻ നോക്കുന്നതും ആണ് സിനിമയുടെ പ്രമേയം.

ഭൂകമ്പം ഉണ്ടാകുമ്പോൾ തന്നെ നായകൻ താൻ ജോലി ചെയ്യുന്ന ഫയർ ഡിപ്പാർട്ട്മെന്റ്ന്റെ സ്വകാര്യ സ്വത്തായ ഹെലികോപ്റ്റർ മോഷ്ടിക്കുന്നു. ആ ഹെലികോപ്റ്റർ ഉപയോഗിച്ച് ഭാര്യയെ രക്ഷിക്കുന്നു. പക്ഷേ ഹെലികോപ്റ്റർ മോഷണത്തിൽ സിനിമ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ഒരു കുടുംബ നാഥൻ തന്റെ കുടുംബത്തെ ധീരമായി രക്ഷിക്കാൻ നോക്കുന്നു എന്ന ആസ്പെക്ട് ആണ് അവിടെ സിനിമ ഫോക്കസ് ചെയ്യുന്നത്. പൊതുജനത്തിന് ഉപകാരപ്പെടേണ്ട ഹെലികോപ്റ്റർ നായകൻ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് സിനിമയിൽ ചർച്ചയായി വരുന്നതേ ഇല്ല. അതിനു പകരം, നായകന്റെ കുടുംബത്തോടുള്ള ആത്മാർത്ഥത സിനിമ ഗ്ലോറിഫൈ ചെയ്യുന്നു. നൂറ് കണക്കിന് പേരുടെ ജീവൻ രക്ഷിക്കാനായി ഉപയോഗിക്കേണ്ടി ഇരുന്ന ഹെലികോപ്റ്റർ അങ്ങനെ നായകൻ മൂന്നുപേർക്ക് വേണ്ടി മാത്രം ഉപയോഗിച്ചു. കാണികൾ കയ്യടിക്കുകയും ചെയ്തു.

ഇതേപോലെ പ്രകൃതി ദുരന്തം കാണിക്കുന്ന ഒരു ചൈനീസ് സിനിമ ആണ് വാണ്ടെറിങ് എർത്ത് (Wandering Earth).
ആയിരകണക്കിന് വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ വൻ ഭൂകമ്പം ഉണ്ടാകുന്നതും, ഭൂകമ്പം നടക്കുമ്പോൾ തന്നെ തകർന്നു തരിപ്പണമായ നഗരത്തിലെ റോഡുകളിൽ കൂടി ഭൂകമ്പം നിർത്താനുള്ള ഒരു യന്ത്രം ട്രക്കിൽ കയറ്റി ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ശ്രമിക്കുന്നതും ആണ് സിനിമയുടെ പ്രമേയം.

സാൻ അൻഡ്രിയാസിൽ ഒരൊറ്റ മനുഷ്യന്റെ പ്രയത്നമാണ് കഥയെങ്കിൽ, വാണ്ടെറിങ് എർത്തിൽ മനുഷ്യരാശിയുടെ മുഴുവൻ പ്രയത്നം ആണ് കഥ.
വാണ്ടെറിങ് ഏർത്തിൽ കാണിക്കുന്ന ഭാവിയിലെ ഭൂമിയിൽ, സകല വാഹനങ്ങളും പൊതുസ്വത്ത് ആണ്. ലൈസൻസ് ഉള്ള ആർക്ക് വേണമെങ്കിലും പൊതു സ്ഥലത്ത് പാർക് ചെയ്യുന്ന ഏത് വാഹനവും എടുത്ത് ഓടിക്കാം.
കഥയിൽ പൊതു സ്വത്ത് ആയ ഒരു ലോറി ഉപയോഗിച്ച് കഥാനായകൻ തന്റെ കുടുംബത്തെ രക്ഷിക്കുന്നു. പക്ഷേ ഉടനെ തന്നെ ഭൂകമ്പം തടയാനുള്ള ഒരു പ്രധാന ഉപകരണം ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കാൻ സൈന്യം ട്രക്ക് ഡ്രൈവർ ആയ നായകന്റെ സേവനം അഭ്യർത്ഥിക്കുന്നു. ഉപകരണം കൃത്യ സ്ഥലത്ത് എത്തിച്ചില്ലെങ്കിൽ മുന്നൂറ് കോടി ആളുകൾ മരിക്കും. അതിനാൽ, ഉടനെ തന്നെ നായകനും ട്രക്കിൽ ഉണ്ടായിരുന്ന നായകന്റെ കുടുംബവും സൈന്യത്തിന് വേണ്ടി ആ ഉപകരണം എത്തിക്കുന്നതിൽ പങ്കാളി ആവുന്നു.
അങ്ങനെ ഒരു നായകൻ മനുഷ്യരാശിയെ രക്ഷിക്കാൻ പൊതുസ്വത്തായ ട്രക്ക് ഓടിക്കുന്നു, കൂടെ കുടുംബവും അണി ചേരുന്നു.

ചൈനക്കാരും അമേരിക്കക്കാരും എത്ര വ്യത്യസ്തമായാണ് ലോകത്തെയും മനുഷ്യരാശിയുടെ ഭാവിയെയും നോക്കി കാണുന്നത് എന്നതിന്റെ നേർക്കാഴ്ച ആണ് ഈ രണ്ട് സിനിമകൾ. ഒരിടത്ത് നായകൻ പൊതുസ്വത്ത് മോഷ്ടിച്ച് സ്വയവും കുടുംബവും രക്ഷിക്കുന്നു, മറുവശത്ത് നായകൻ പൊതു സ്വത്ത് ആയ ട്രക്ക് ഉപയോഗിച്ച് കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കുന്നു. കുടുംബം സഹായിക്കുകയും ചെയ്യുന്നു.

സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങൾക്ക് സമൂഹം ആണ് പ്രധാനം. രണ്ട് പാത്രങ്ങളിൽ ഒന്നിൽ സ്വകാര്യ സമ്പത്തും മറ്റേതിൽ മാനവരാശിയുടെ പുരോഗതിയും നൽകി ഒന്ന് തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ അവർ മാനവരാശിയുടെ പുരോഗതി ആയിരിക്കും തെരഞ്ഞെടുക്കുക. മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങൾ സ്വകാര്യ സമ്പത്തും.

ചൈനയിൽ രാഷ്ട്രീയ സ്വാതന്ത്ര്യം കുറവാണ്. സർക്കാരിനെതിരെ വ്യാജ വാർത്തകളും മറ്റും എഴുതാൻ ഇന്ത്യയിലേത് പോലെ അവിടെ കഴിയില്ല. സർക്കാരിനെ അതിര് കടന്ന് വിമർശിക്കുന്നവരെ ചൈനീസ് സർകാർ ജയിലിൽ ഇടാറുണ്ട്.
പക്ഷേ എന്തും വിളിച്ച് പറയാനുള്ള കഴിവ് ഒരു അവകാശം ആയി കരുതുന്ന അമേരിക്കക്കാർ ഇതിനെ വലിയ ക്രൂരത ആയാണ് കാണുന്നത്. എന്നാലോ, ചൈനീസ് പൊതുജനങ്ങളിൽ സർവേ എടുക്കുമ്പോൾ ഒക്കെ ബഹുഭൂരിപക്ഷം ചൈനക്കാരുടെയും അഭിപ്രായം സർക്കാരിന് അനുകൂലം ആണ്.
“സ്വന്തം അഭിപ്രായം പറയുന്നതിന് ജയിലിൽ ഇടുന്നത് തെറ്റല്ലേ” എന്ന ഒരു അമേരിക്കൻ റിപ്പോർട്ടറുടെ ചോദ്യത്തിന്
“അഭിപ്രായം പറയുന്നതിന് മുൻപ് അത് രാജ്യത്തിന്റെയും ജനങ്ങളുടെയും അഖണ്ഡതയെ എങ്ങനെ ബാധിക്കും എന്ന് പറയുന്നവർ ആലോചിക്കണ്ടേ?” എന്നതായിരുന്നു ഒരു ചൈനീസ് വിദ്യാർത്ഥിനിയുടെ ഉത്തരം.

ഇത് കണ്ട് അമേരിക്കൻ പ്രേക്ഷകർ അന്തം വിടും! അമേരിക്കൻ സർകാർ ആയിരുന്നു അങ്ങനെ ജയിലിൽ ഇട്ടിരുന്നത് എങ്കിൽ അമേരിക്കക്കാർക്ക് അത് സഹിക്കാൻ കൂടി കഴിയുമായിരുന്നില്ല. പക്ഷേ ചൈനക്കാർ ആണെങ്കിൽ അതിനെ ചിരിച്ച് കൊണ്ട് വിശദീകരിക്കുന്നു!
പക്ഷേ സോഷ്യലിസ്റ്റ് സർക്കാരുകൾ വ്യാജവാർത്ത പ്രചാരകരെ ജയിലിൽ ഇടുന്നതിനോട് ഒപ്പം, സൗജന്യമായി റേഷനും, വീടുകളും, പനിക്ക് മുതൽ ക്യാൻസറിന് വരെ സൗജന്യ ചികിത്സയും, ലോകോത്തര സൗജന്യ വിദ്യാഭ്യാസം phd തലം വരെയും ജനങ്ങൾക്ക് നൽകും. പക്ഷേ, അങ്ങ് ദൂരെ ഈ സേവനങ്ങൾക്കെല്ലാം കിടപ്പാടം പണയപ്പെടുത്തി വൻതുക നൽകേണ്ട മുതലാളിത്ത രാജ്യമായ അമേരിക്കയിൽ ജീവിക്കുന്ന പ്രേക്ഷകർ ഇതുണ്ടോ അറിയുന്നു!

ഇതുപോലെ, അമേരിക്കാർക് ആശുപത്രി സേവനത്തിനും സ്കൂളിൽ പഠിക്കാനും അരി മേടിക്കാനും പണം നൽകണം എന്ന് പറഞ്ഞാൽ സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ ഉള്ളവരും അന്തം വിടും! തങ്ങൾക്ക് സൗജന്യമായി സർകാർ നൽകുന്ന സാധനത്തിന് അമേരിക്കക്കാർക്ക് പണം കൊടുക്കണമെന്ന്!

ചൈനയിലെ സമ്പന്നരും അമേരിക്കൻ സമ്പന്നരും തമ്മിൽ ഇതുപോലത്തെ ധാരാളം വ്യത്യാസങ്ങൾ ഉണ്ട്. പലരും ചൈനയിലെ പാർട്ടി നേതാക്കളുടെ ആസ്തി എടുത്ത് അവരെ അമേരിക്കൻ സംബന്നരോട് തുലനം ചെയ്യാറുണ്ട്.
പക്ഷേ ധാരാളം ആസ്തിയുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ സ്വയം കാണുന്നത് ആ പണത്തിന്റെ ട്രസ്റ്റി ആയിട്ടാണ്. പൊതുജനത്തിന് തിരിച്ച് നൽകാനുള്ളത് ആണ് ആ പണം, അല്ലാതെ അത് മൊത്തം സ്വന്തം അല്ല എന്നതാണു് ചൈനീസ് ജനതയുടെ കാഴ്ചപ്പാട്.
ഏതാനും വർഷങ്ങൾ മുൻപ്, മകളുടെ വിവാഹം ഒരുപാട് ആർഭാടങ്ങളോടെ സ്വന്തം ചിലവിൽ നടത്തി എന്ന കുറ്റത്തിന് ഒരു ചൈനീസ് സംബന്നനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജയിലിൽ അടച്ചിരുന്നു.ഇതുകണ്ട് ഇന്ത്യക്കാരും അമേരിക്കക്കാരും ഒക്കെ അത്ഭുതപ്പെട്ടു. പക്ഷേ, അവരുടെ കാഴ്ചപ്പാട് പ്രകാരം ആരുടെ അക്കൗണ്ടിൽ കിടക്കുന്ന പണം ആണെങ്കിലും അത് രാജ്യത്തിന്റെ ജനങ്ങളുടെ പണമാണ്. അതെടുത്ത് ഏതാനും ചിലർക്ക് ആർഭാടം കാണിക്കാൻ വേണ്ടി മാത്രം ചിലവഴിക്കുന്നത് അഴിമതിയെക്കാൾ ഗുരുതരമായ കുറ്റമാണ്.

നേരെ മറിച്ച് അമേരിക്കയിലോ ഇന്ത്യയിലോ കാശുള്ളവന് എന്ത് വേണമെങ്കിലും അത് കൊണ്ട് ചെയ്യാം. വേണമെങ്കിൽ സ്വർണ്ണം കൊണ്ട് ഒരു ഷർട്ട് നെയ്ത് എടുക്കാം. അല്ലെങ്കിൽ സ്വർണ്ണം കൊണ്ട് മാസ്ക് ഉണ്ടാക്കാം. അതുമല്ലെങ്കിൽ മുഴുവനായി സ്വർണം പൂശിയ ഒരു കാർ മേടിക്കാം. അതും പോരെങ്കിൽ അത്യാധുനികമായ ഒരു നൗക മേടിച്ചിട്ട്‌ അതിൽ പട്ട്‌ മെത്തയിൽ കിടന്നു ലോകത്ത് ഇവിടെ വേണമെങ്കിലും യാത്ര പോകാം. (ഇതെല്ലാം ഇന്ത്യയിലെ സമ്പന്നരായ വ്യക്തികൾ കോടികണക്കിന് രൂപ മുടക്കി ചെയ്തിട്ടുള്ള കാര്യമാണ്). ജനങ്ങൾക്ക് ഇത് തെറ്റാണെന്ന കാഴ്ചപ്പാട് പൊതുവെ ഇല്ല. അവരുടെ പണം കൊണ്ട് അവർ എന്തെങ്കിലും കാണിക്കട്ടെ എന്നാണ് ജനം കരുതുക. കോടിക്കണക്കിന് പേര് പട്ടിണി കിടക്കുന്ന സ്ഥലത്താണ് ഇതൊക്കെ ചെയ്യുന്നത് എന്നത് ചർച്ചയിലേക്ക് വരുന്ന സംഗതിയെ അല്ല.

ഒരു മുതലാളിത്ത രാജ്യത്ത് ഒരുവന് പണം ലഭിച്ചാൽ അത് എന്ത് തോന്ന്യാസം വേണമെങ്കിലും കാണിക്കാനുള്ള ലൈസൻസ് ആണ്. സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ ആവട്ടെ, പണം പൊതു നന്മയ്ക്കായി ഉപയോഗിക്കേണ്ട, തന്നെ രാജ്യം വിശ്വസിച്ച് ഏൽപ്പിച്ച ഒരു വസ്തു മാത്രം ആണ്.

അതുകൊണ്ട് തന്നെ മുതലാളിത്ത രാജ്യങ്ങളിൽ എന്ത് സേവനത്തിനും പണം നൽകണം. റോഡപകടത്തിൽ പെട്ട്‌ മരനാസന്നനായി കിടക്കുന്ന ആളെ ആംബുലൻസിൽ ആശുപത്രിയിൽ ആരെങ്കിലും എത്തിച്ചാൽ, ബോധം തെളിഞ്ഞതിന്‌ ശേഷം രോഗി ആദ്യമായി കാണുന്നത് തന്റെ ആംബുലൻസ് ചാർജ് താ എന്ന് പറഞ്ഞ് നിൽക്കുന്ന ആംബുലൻസ് ഡ്രൈവറെ ആയിരിക്കും, മുതലാളിത്ത രാജ്യങ്ങളിൽ.

നേരെ മറിച്ച്, സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ സ്ഥിതി
നേർ വിപരീതം ആണ്. അവിടെ എല്ലാ മനുഷ്യരും സേവനം ചെയ്യുന്നത് പണത്തിനു വേണ്ടിയല്ല, മനുഷ്യ രാശിക്ക് വേണ്ടിയാണ്.
ഒരു ക്യൂബക്കാരൻ ആയ കാർ മെക്കാനിക്ക് ഒരു അമേരിക്കൻ റിപ്പോർട്ടറോട് പറഞ്ഞതാണ് ഇത്. “ഞങ്ങളുടെ കടയിൽ ഒരുപാട് കാറുകൾ വരുന്ന ദിവസങ്ങളിൽ അധികമായി ഒരാളുടെ സഹായം വേണം എന്ന് തോന്നിയാൽ, കടയുടെ വെളിയിൽ ഇറങ്ങി വഴിയിൽ കൂടി നടന്നു പോകുന്ന ഒരു ക്യൂബക്കാരനെ പിടിച്ച് നിർത്തി ചോദിച്ചാൽ മതി. അദ്ദേഹം അത്യാവശ്യം ഒന്നുമില്ലെങ്കിൽ അപ്പോൾ എല്ലാം കളഞ്ഞിട്ട് കടയിൽ വന്ന് പറയുന്ന സഹായം എല്ലാം ചെയ്യും. വേണമെങ്കിൽ വൈകിട്ട് വരെ കൂടെ ഇരിക്കും. കട അടയ്ക്കാൻ നേരം ഷട്ടർ ഇടുമ്പോൾ ചിരിച്ച് കൊണ്ട്, ‘നിങ്ങളെ സഹായിക്കാൻ സമ്മതിച്ചതിന് നന്ദി’ എന്ന് പറഞ്ഞുകൊണ്ട് ഒരു സലാം പറഞ്ഞിട്ട് അഞ്ച് സെന്റാവോ പോലും പ്രതിഫലം മേടിക്കാതെ നടന്നു പോകും. അതാണ് ക്യൂബ, ഞങ്ങളുടെ ക്യൂബ”

പണത്തിനും മീതെ എന്തോ മഹത്തരമായ ഒന്ന് മനുഷ്യനിൽ ഉണ്ടെന്നും, അച്ചടിച്ച പേപ്പർ തുണ്ടുകളെക്കാൾ വില മനുഷ്യ ജീവനും മനുഷ്യന്റെ സ്വാഭിമാനത്തിനും ഉണ്ടെന്ന് കരുതുന്ന വ്യവസ്ഥിതി.
അതാണ് സോഷ്യലിസം.

ഫോട്ടോയിൽ ഒരു ക്യൂബൻ തെരുവ്

ഒരു ശരാശരി ചൈനക്കാരന്റെ ചിന്താരീതി മുതലാളിത്ത രാജ്യങ്ങളിൽ നിന്നുള്ളവരു ടെ ചിന്താരീതിയിൽ നിന്നും എത്ര വ്യത്യസ്തം ആണ്…

T Gautham यांनी वर पोस्ट केले शनिवार, २५ जुलै, २०२०