November 17, 2020

കള്ളക്കടത്തുകാരുടെ മുങ്ങിക്കപ്പലുകള്‍

സൌത്ത് അമേരിക്കന്‍ രാജ്യങ്ങളായ ഇക്ക്വഡോര്‍,കൊളംബിയ രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ കപ്പല്‍ പ്രവേശിച്ചാല്‍ ഷിപ്പിലെ ക്രൂവിനെ മയക്ക് മരുന്ന് കടത്തുന്നവര്‍ രഹസ്യമായി ബന്ധപ്പെടും. കപ്പല്‍ തിരികെ അമേരിക്കയിലേക്കോ യുറോപ്പിലേക്കോ യാത്ര തിരിക്കുകയാണെങ്കില്‍ വലിയ ഓഫറുമായിട്ടായിരിക്കും അവരുടെ വരവ്. ‘’സാധനം’’ ഷിപ്പില്‍ എത്തിച്ചു തരും, ലക്ഷ്യസ്ഥാനത്തെ തുറമുഖത്ത് എത്തിയാല്‍ ഇരുചെവി അറിയാതെ അതെടുത്ത് കൊണ്ടുപോവാനുള്ള സംവിധാനവും അവര്‍ ഏര്‍പ്പെടുത്തിയിരിക്കും. പൊതുവെ റഷ്യക്കാരാണ് ഇങ്ങനെയുള്ള ഓഫറില്‍ ആകര്‍ഷകരായി ഹൈ റിസ്ക്‌ എടുത്ത് സമ്പന്നരാവുന്നത്. പക്ഷെ അതില്‍ ഒരു മലയാളി വന്നു പെട്ടത് ഞങ്ങളുടെ കപ്പലിനും കമ്പനിക്കും അന്ന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.

മെക്സിക്കോവിലെ ലസാരോ കാര്‍ഡിനാസില്‍ ലോഡ് ഇറക്കി അമേരിക്കയിലെ സിയാറ്റിലേക്ക് പോവാന്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് തയ്യാറെടുത്ത കപ്പലിലേക്ക് സെര്‍ച്ച്‌ ടീം സ്നിഫ് ഡോഗുമായി കയറി വരുന്നതാണ് സീന്‍. ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ഡ്രഗ് സെര്‍ച് കഴിഞ്ഞ് കപ്പല്‍ കയര്‍ അഴിച്ചു വിട്ട് യാത്ര തുടങ്ങുന്നു. അല്പം ദൂരം പിന്നിട്ടപ്പോള്‍ സീ പൈലറ്റ്‌ നങ്കൂരമിടാനുള്ള ഓര്‍ഡര്‍ കൊടുത്ത് കപ്പല്‍ നങ്കൂരമിടുമ്പോഴേക്കും ദേ വരുന്നു ഡൈവിംഗ് ബോട്ട്, കപ്പലിന്‍റെ അടിത്തട്ടില്‍ മയക്ക് മരുന്ന് ചെറിയ ഇരുമ്പ് കണ്ടയിനറുകളില്‍ വെൽഡ്‌ ചെയ്ത് ഘടിപ്പിച്ചിട്ടുണ്ടോ എന്നുള്ള തിരച്ചിലാണ് ഈ ഡൈവിംഗ് ടീമിന്‍റെ ഉദ്ദേശം. ആ സെര്‍ച്ചും കഴിഞ്ഞ് ഷിപ്പ് ഡ്രഗ് ഫ്രീ ആണെന്ന് ഉറപ്പ് വരുത്തിയത്തിന് ശേഷമാണ് അന്ന് ഞങ്ങള്‍ യാത്ര തുടര്‍ന്നത്. പക്ഷെ സ്നിഫ് ഡോഗിനെ പറ്റിച്ച് അതിവീരന്മാരായ തുര്‍ക്കികള്‍ സാധനങ്ങള്‍ കടത്തിയ സംഭവങ്ങള്‍ ഒട്ടനവധിയുണ്ട്. ഡ്രഗ് കടത്തുന്നത് അന്താരാഷ്ട്ര കുറ്റവും മനുഷ്യത്വരഹിതവുമായത് കൊണ്ട് അവരുടെ ട്രിക്കുകള്‍ ഇവിടെ വെളിപ്പെടുത്തുന്നില്ല.

ഡ്രഗ് മാഫിയയുടെ സമ്പര്‍ക്കങ്ങള്‍ക്ക് കപ്പല്‍ ജീവനക്കാര്‍ കൂട്ട് നില്‍ക്കുന്നില്ലെങ്കില്‍ കാര്‍ഗോ കയറ്റാനോ ഇറക്കാനോ വരുന്ന തുറമുഖജോലിക്കാര്‍ ഡ്രഗ് കപ്പലില്‍ ഒളിപ്പിച്ചു വെക്കുകയും എവിടെയാണ് വെച്ചതെന്ന് ലക്ഷ്യസ്ഥാനത്തെ തുറമുഖജീവനക്കാരെ അറിയിക്കുകയും ചെയ്യുന്ന ഒരു പരിപാടിയുണ്ട്. കൊളംബിയയില്‍ റീഫര്‍ കാര്‍ഗോ ലോഡ് ചെയ്യാന്‍ പോയപ്പോള്‍ ലൈഫ് റാഫ്റ്റിനുള്ളില്‍ പൊതി വെക്കാന്‍ ശ്രമിച്ച ഒരാളെ ഞങ്ങള്‍ അങ്ങിനെയായിരുന്നു പിടികൂടിയിരുന്നത്. ഇവിടെ അപകടമെന്തെന്നാല്‍ ആരെയെങ്കിലെയും പിടികൂടി പോലീസില്‍ ഏല്പിച്ചാല്‍ കപ്പലിന്‍റെ അടുത്ത വരവില്‍ പ്രതിയെ കാണിച്ചു കൊടുത്തവന്‍ തട്ടിപ്പോവും. അങ്ങിനെയുള്ള അവസരങ്ങളില്‍ ഇന്ഫോമറെ കൊല്ലാന്‍ നമ്മുടെ നാട്ടിലുള്ളത് പോലെ ഗുണ്ടകള്‍ വരണമെന്നില്ല, നമ്മള്‍ പുറത്ത് പോവുമ്പോള്‍ പോലീസോ തുറമുഖ സെക്യുരിറ്റിയോ ആര്‍ക്ക് വേണമെങ്കിലും ആ ജോലി ചെയ്യാം, അല്ലെങ്കില്‍ Snipers ആ ജോലി ‘’ഭംഗി’’യായി നിര്‍വ്വഹിച്ചു കൊടുത്ത കാശും വാങ്ങിപ്പോവും,. സംശയിക്കേണ്ട കൊളംബിയ ഒരു ഡ്രഗ് വൈറസ് ചെയിനില്‍ ജീവിച്ചുപോവുന്ന ഒരു രാജ്യമാണ്, ആ ചെയിന്‍ ബ്രേക്ക് ചെയ്യാന്‍ ശ്രമിക്കുന്നത് അതിസാഹസവുമാണ്.

അമേരിക്കയില്‍ കൊക്കയിന്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ എഴുപതുകളില്‍ കൊളംബിയന്‍ ഡ്രഗ് മാഫിയ ഉടലെടുക്കുന്നതോടെയാണ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന തോതിലുള്ള മയക്ക്മരുന്ന് കടത്ത് ആരംഭിക്കുന്നത്. സ്വന്തമായുള്ള വിമാനത്തില്‍ മയക്ക് മരുന്ന് കടത്തിയ പാബ്ലോ എക്സോബര്‍ അന്ന് അതിന്‍റെ തലതൊട്ടപ്പനായിരുന്നു. ഒരു സമയത്ത് ആയിരത്തി അഞ്ഞൂര്‍ ഡോളര്‍ ചിലവിട്ട് കൊളംബിയന്‍ കാടുകളില്‍ വളര്‍ത്തിയെടുക്കുന്ന ഒരു കിലോ കൊക്കേയിന്‍ അമേരിക്കന്‍ ഡ്രഗ് മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ അമ്പതിനായിരം ഡോളര്‍ വരെ ലഭിക്കുമായിരുന്നു. ഈ മടികനത്ത ലാഭമാണ് ഇക്ക്വഡോറും കൊളംബിയയും പില്‍ക്കാലത്ത് മയക്ക് മരുന്ന് മാഫിയാകളുടെ പറുദീസയാവാന്‍ കാരണം.

ടണ്‍ കണക്കില്‍ അളവില്‍ ഉത്പാദിപ്പിക്കുന്ന മയക്ക് മരുന്നുകള്‍ ലോകത്തിന്‍റെ പലഭാഗങ്ങളിലും എത്തിക്കാന്‍ ഉപയോഗിച്ചു വന്ന വിമാനവും കപ്പലും സ്ഥിരമായി സെര്‍ച്ചിന് വിധേയമായപ്പോള്‍ ഈ അടുത്ത കാലത്ത് ഡ്രോണ്‍ വഴി അതിര്‍ത്തി കടത്തിവിടുന്ന പ്രവര്‍ത്തനരീതിയിലേക്ക് മാഫിയ അവരുടെ ചുവട് മാറ്റി. അതും പലയിടങ്ങളില്‍ പിടിക്കപ്പെട്ടപ്പോള്‍ മുങ്ങിക്കപ്പല്‍ നിര്‍മ്മിച്ച്‌ കൊണ്ടായിരുന്നു അവരുടെ അടുത്ത വരവ്. പസഫിക് ഓഷ്യന്‍ ഭാഗത്ത് കൊളംബിയന്‍ തീരങ്ങളിലെ പോര്‍ട്ട്‌ സിറ്റികളായ തുമാക്കോ, ടിമ്ബിക്കി, ബോനവെന്ചുര, ലോപെസ് ദേ മിഖെ തുടങ്ങിയ സ്ഥലങ്ങളില്‍ രഹസ്യമായി നിര്‍മ്മിച്ച മുങ്ങിക്കപ്പലുകളില്‍ കടത്തിക്കൊണ്ടിരുന്ന കൊക്കെയിന്‍ അമേരിക്കന്‍ കൊളമ്പിയന്‍ സംയുക്ത തീര സംരക്ഷണ സൈന്യം ഒട്ടേറെ തവണ പിടിച്ചെടുത്തിട്ടുണ്ട്. ശാന്തസമുദ്രതീരങ്ങളില്‍ സൌത്ത് അമേരിക്കന്‍ ഭാഗത്ത് എട്ട് ടണ്‍ കൊക്കെയിന്‍ കയറ്റിയ മുങ്ങിക്കപ്പല്‍ ഒരിക്കല്‍ പിടിച്ചെടുത്തപ്പോള്‍ അധികാരികള്‍ ശരിക്കും ഞെട്ടിയിരുന്നു. ആറുമുതല്‍ പന്ത്രണ്ട് മീറ്റര്‍ നീളമുള്ള അർദ്ധ മുങ്ങിക്കപ്പലുകളായിരുന്നു ഇവര്‍ തുടക്കത്തില്‍ നിര്‍മ്മിച്ചിരുന്നത്, പിന്നീടത് പതിനെട്ട് മീറ്റര്‍ നീളം വരെയുള്ളതായി. പസഫിക് സമുദ്രഭാഗങ്ങളില്‍ ഉപയോഗിച്ചിരുന്ന ഈ സബ്മറിനുകള്‍ 2019ല്‍ അറ്റ്ലാന്റിക് സമുദ്രം കടന്ന് യുറോപ്പിലെത്തിയത് ഷിപ്പിംഗ് ലോകത്ത് ഒരത്ഭുതവാര്‍ത്തയായി. കൊളംബിയയുടെ കരീബിയന്‍ കോസ്റ്റില്‍ നിന്ന് നാലായിരം നോട്ടിക്കല്‍ മൈല്‍സ് (7400 kilo meter ) സഞ്ചരിച്ചിട്ടാണ് മൂന്നു പേരടങ്ങിയ ഇരുപത്തിരണ്ടു മീറ്റര്‍ നീളമുള്ള മുങ്ങിക്കപ്പല്‍ സ്പെയിനില്‍ എത്തിച്ചേര്‍ന്നത്. അറ്റ്ലാന്റിക് സമുദ്രം ക്രോസ് ചെയ്ത് വന്ന ഈ മുങ്ങിക്കപ്പലില്‍ മൂന്ന് ടണ്‍ Cocaine ഉണ്ടായിരുന്നു. മുങ്ങിക്കപ്പല്‍ നിര്‍മ്മിക്കാന്‍ 2.5 മില്ല്യന്‍ യുറോ ചിലവഴിച്ചു എന്നതാണ് ഈ കള്ളക്കടത്തിന്‍റെ മറ്റൊരു സവിശേഷത. 2006 മുതല്‍ സ്പെയിനിലെക്കും ആഫ്രിക്കയിലേക്കും അര്‍ദ്ധ-മുങ്ങിക്കപ്പല്‍ വഴി ഡ്രഗ് കടത്തുന്നുണ്ടെന്നുള്ള വിവരം അധികാരികള്‍ക്ക് ഉണ്ടായിരുന്നെങ്കിലും ഈ തീരങ്ങളില്‍ വെച്ച് ആ കാലയളവില്‍ ഒന്നും തന്നെ പിടിക്കപ്പെട്ടിരുന്നില്ല. പക്ഷെ 1990 മുതല്‍ Semi-submersible കപ്പലുകള്‍ ഈ രംഗത്ത് പ്രത്യക്ഷപെട്ടിരുന്നുവെന്നും രണ്ടായിരത്തി ആറില്‍ കൊളംബിയയുടെ പസഫിക് കോസ്റ്റില്‍ വെച്ച് മൂന്നര ടണ്‍ കൊക്കൊയിന്‍ അര്‍ദ്ധമുങ്ങിക്കപ്പലില്‍ നിന്നും പിടിച്ചെടുക്കുകയുമുണ്ടായി.

2019ല്‍ മുപ്പത്തി മൂന്ന് സബ്മറീന്‍ കടത്തുകള്‍ പസഫിക് കോസ്റ്റില്‍ നിന്ന് തീരസംരക്ഷണ സേനയുടെ പിടിയിലാവുകയും 433 ടണ്‍ മയക്ക്മരുന്ന് അവരില്‍ നിന്നും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഡ്രഗ് കടത്താന്‍ ഉപയോഗിക്കുന്ന ഇത്തരം മുങ്ങിപ്പക്കലുകള്‍ക്ക് മൂന്ന് ദിവസത്തെ യാത്രകൊണ്ട് സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ എത്തിച്ചേരാന്‍ കഴിയും, അവിടെനിന്ന് നോര്‍ത്തിലേക്ക് പോയാല്‍ മേക്സിക്കൊവിലോ അമേരിക്കയിലോ ചെന്നെത്താം. കടലില്‍ വെച്ച് തന്നെ സപ്പോര്‍ട്ടിംഗ് വെസ്സലുകള്‍ വന്ന് ഭക്ഷണവും വെള്ളവും ഫ്യുയലും നിറച്ചു കൊടുത്താണ് ലക്ഷ്യസ്ഥാനത്തേക്കുള്ള അവരുടെ തുടര്‍യാത്ര സാധ്യമാവുന്നത്.

നൂറു ഡോളറിന് ഒരു കിലോ marijuana കൊളംബിയയില്‍ കിട്ടുമ്പോള്‍ അത് അമേരിക്കയില്‍ എത്തിച്ചാല്‍ ഒരു കിലോയ്ക്ക് ഏഴായിരം ഡോളര്‍ വരെ വില ലഭിക്കും.

Hernando Enrique Mattos Dager, the rear admiral in charge of the Colombia’s Poseidon taskforce against drug trafficking പറയുന്നു.

“The production of marijuana in Colombia is very economical at $100 a kilo, and it sells for up to $7,000 in the US.”

നേവിയുടെ മുങ്ങിക്കപ്പലുകള്‍ പോലെ പൂര്‍ണ്ണമായി കടലിന്‍റെ താഴ്ചയിലേക്ക് മുങ്ങിപ്പോവാതെ മേല്‍പ്രതലം അല്പമാത്രമായി സാധാരണ മനുഷ്യരുടെ കണ്‍കാഴ്ചയില്‍ മറഞ്ഞു നിന്നു കൊണ്ടാണ് കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്ന ദീര്‍ഘദൂര മുങ്ങികപ്പലുകള്‍ യാത്രയാവുന്നത്. സംശയകരമായ സാഹചര്യത്തില്‍ വെള്ളം നിറയ്ക്കുന്ന അറകളുടെ വാല്‍വ് തുറന്നു അല്പമാത്രം താഴോട്ടെക്ക് പോയി രക്ഷപ്പെടാന്‍ ഈ ക്രാഫ്റ്റിന് സാധിക്കും. ആവശ്യമുള്ളപ്പോള്‍ വീണ്ടും മുകളിലേക്ക് ഉയര്‍ന്നു വന്ന് യാത്ര തുടരുകയും ചെയ്യാം. കൊളമ്പിയയില്‍ നിന്ന് അറ്റ്ലാണ്ടിക് സമുദ്രം ക്രോസ് ചെയ്ത് മൂന്ന് ടണ്‍ കൊക്കെയിനും മൂന്ന് കപ്പല്‍ ജോലിക്കാരുമായി വന്ന ഈ മുങ്ങിക്കപ്പലിലെ കാര്‍ഗോ ഏറ്റെടുക്കാന്‍ മോശം കാലാവസ്ഥ കാരണം മദര്‍ ഷിപ്പിന് വരാന്‍ സാധിക്കാതെ പോയതിനാല്‍ അവര്‍ സ്പെയിനിനടുത്ത് Scuttle valve തുറന്ന് വെള്ളം നിറച്ച് കപ്പലും കൊക്കേയിനും ഉപേക്ഷിക്കാനുള്ള ശ്രമത്തിലാണ് പിടിക്കപ്പെട്ടത്. അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഏകദേശം പത്ത് കോടി ഡോളര്‍ വിലയുള്ള കൊക്കൊയിനായിരുന്നു ഇരുപത്തിരണ്ട് മീറ്റര്‍ നീളമുള്ള ഈ മുങ്ങിക്കപ്പലില്‍ മൂന്നുപേര്‍ നാവിഗേറ്റ് ചെയ്ത് കൊണ്ടുവന്നത്. അന്ന് മുങ്ങിക്കപ്പല്‍ ഉപേക്ഷിച്ചു രക്ഷപ്പെടാനുള്ള ശ്രമത്തില്‍ രണ്ട് ഇക്ക്വഡോറിയന്‍ കപ്പല്‍ ജീവനക്കാര്‍ പിടിക്കപ്പെട്ടു.

ഓഷ്യന്‍ ക്രോസ്സിങ്ങില്‍ മുങ്ങിയും പൊങ്ങിയുമുള്ള യാത്രയില്‍ ആകാശ നിരീക്ഷണത്തില്‍ പിടിക്കപ്പെടുന്നതില്‍ നിന്ന് രക്ഷനേടാന്‍ കൊളമ്പിയന്‍ ഡ്രഗ് മാഫിയയുടെ സാങ്കേതിക വിദഗ്ദര്‍ കൊണ്ടുവന്നതായിരുന്നു മുപ്പത് മീറ്റര്‍ കടലാഴത്തില്‍ കെട്ടിവലിച്ചു കൊണ്ടുപോവാന്‍ യോജ്യമായ Drug torpedo കള്‍. സാധാരണ മുങ്ങിക്കപ്പലുകളില്‍ നിന്ന് തൊടുത്തുവിടുന്ന ഉഗ്രസ്ഫോടന ശേഷിയുള്ള ടോര്‍പിഡോകളുടെ ആന്തരാകൃതിയില്‍ മയക്ക് മരുന്ന് നിറച്ച ടോര്‍പിഡോയെ ആഴക്കടലില്‍ പോവുന്ന ഫിഷിംഗ് ബോട്ടുകള്‍ ഇരുനൂര്‍ മീറ്റര്‍ Tow Line വെച്ച് കെട്ടിവലിച്ചു കൊണ്ടുപോവും. ഈ ടോര്പിഡോകള്‍ മുപ്പത് മീറ്റര്‍ ആഴത്തില്‍ കെട്ടിവലിക്കപ്പെടുന്നത് കൊണ്ട് തീരദേശ സൈന്യത്തിന്‍റെ വിമാനത്തിന് ആകാശത്തില്‍ നിന്ന് കണ്ടുപിടിക്കാന്‍ സാധിക്കുകയില്ല. അയ്യായിരം കിലോ കൊക്കെയിന്‍ സൂക്ഷിക്കാവുന്ന ടോര്‍പിഡോകളാണ് അവര്‍ കൊളംബിയന്‍ കാടുകളിലെ അരുവികളില്‍ നിര്‍മ്മിച്ചിരുന്നത്. കൊക്കെയിന്‍ നിറച്ച ടോര്‍പിഡോകളുടെ ചേമ്പറില്‍ വെള്ളം നിറച്ച് മുപ്പത് മീറ്റര്‍ വരെയുള്ള ആഴത്തിലേക്ക് താഴ്ത്തി ഒരു ഫിഷിംഗ് ബോട്ട് കെട്ടി വലിച്ചു കൊണ്ടുപോവുന്നതാണ് ആസൂത്രണ പദ്ധതി. ആ ബോട്ടിന് എന്തെങ്കിലും എഞ്ചിന്‍ തകരാര്‍ സംഭവിക്കുകയാണെങ്കില്‍ ഓട്ടോമാറ്റിക് റിലീസിംഗ് സിസ്റ്റം ഉപയോഗിച്ച് Towing Line disconnect ചെയ്യുകയും പിറകില്‍ എസ്കോര്‍ട്ട് വരുന്ന ബോട്ട് Towing Line ഏറ്റെടുക്കുകയും ചെയ്യും. എമര്‍ജന്‍സി സാഹചര്യങ്ങളില്‍ കെട്ടിവലിക്കുന്ന ലൈന്‍ മുറിഞ്ഞുപോയാല്‍ അല്ലെങ്കില്‍ കോസ്റ്റ്ഗാര്‍ഡ് വരുമ്പോള്‍ ഈ ലൈന്‍ ഡിസ്കണക്ട് ചെയ്തു വിട്ടാല്‍ ഡ്രഗ് നിറച്ച ടോര്പിഡോ കടലില്‍ എവിടെയെങ്കിലും ഡ്രിഫ്റ്റ് ചെയ്തുകൊണ്ടേയിരിക്കും. ലൈന്‍ ഡിസ്കണക്ടായി ടോര്പിഡോ ഉപരിതലത്തിലേക്ക് ഉയര്‍ന്നുവന്നാല്‍ ആകാശത്തില്‍ നിന്ന് കാണുന്നവര്‍ക്ക് ഒരു മരത്തടി ഒഴുകുന്നത് പോലെ മുകളില്‍ ഫിറ്റ് ചെയ്തിട്ടുള്ള റേഡിയോ ബോയ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ടോര്പിഡോയിലെ Winch ഓപ്പറേറ്റ് ചെയ്യപ്പെട്ട് മരത്തടി പോലെയുള്ള Signal Buoy വെള്ളത്തിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ആ കാഴ്ച. ഒരു സാറ്റലൈറ്റ് ഫോണ്‍ സിഗ്നലില്‍ ഈ Signal buoyട്രിഗ്ഗര്‍ ചെയ്‌താല്‍ അതിലുള്ള ആന്റീന ഉയര്‍ന്നു വരികയും ദിവസം മൂന്ന് തവണ GPSലൊക്കേഷന്‍ അടക്കമുള്ള ട്രാന്‍സ്മിഷന്‍ നല്‍കുന്നതാണ് ഇതിലെ സിസ്റ്റം. ഈ ട്രാന്‍സ്മിഷന്‍ മറ്റു ബോട്ടുകള്‍ക്കോ കോസ്റ്റ്ഗാര്‍ഡിനോ മനസ്സിലാവാത്ത രീതിയില്‍ കോഡ് ചെയ്യപ്പെട്ടതുമാണ്. ഇരുനൂര്‍ കിലോമീറ്റര്‍ ദൂരം കവര്‍ ചെയ്യാന്‍ കഴിവുള്ള ട്രാന്‍സ്മീറ്റര്‍ ആണ് Signal Buoyല്‍ GPS അടക്കം സെറ്റ് ചെയ്തിട്ടുള്ളത്, ആയതിനാല്‍ ഫിഷിംഗ് ബോട്ടില്‍ നിന്ന് വേറിട്ട്‌ പോയാലും ടോര്‍പിഡോ സുരക്ഷിതമായി തിരിച്ചെടുക്കാന്‍ അവര്‍ക്ക് ഈ ദൂരപരിധിയില്‍ സാദ്ധ്യമാണ്.

വലിയ കപ്പലുകള്‍ സഞ്ചരിക്കുന്ന പാതയില്‍ മുഖാമുഖം വന്നാല്‍ ദിശമാറ്റാന്‍ സാദ്ധ്യമായില്ലെങ്കില്‍ ഒരു നാനോസെക്കന്റില്‍ എല്ലാം കടലെടുക്കുമെന്നുള്ള ഭയം പോലുമില്ലാതെ 7400 കിലോമീറ്റര്‍ കടലിലൂടെ സഞ്ചരിച്ച് പത്ത് കോടി ഡോളര്‍ വിലയുള്ള മയക്ക് മരുന്നുമായി അറ്റ്ലാണ്ടിക് സമുദ്രം കടന്ന് സ്പെയിനില്‍ എത്തുന്ന ഡ്രഗ് സബ്മറിനുകള്‍. മൂവായിരം കിലോ കൊക്കെയിന്‍ മനുഷ്യശരീരത്തില്‍ കടന്നു ചെന്നാല്‍ എത്രയെത്ര കുടുംബങ്ങള്‍ അനാഥരാവുമെന്നുള്ള ഉല്‍ക്കണ്ഠയൊന്നും ഇല്ലാതെയാണ് പണം പെരുകാനുള്ള വഴിയിലേക്ക് മനുഷ്യന്‍ അവന്‍റെ ബുദ്ധിയോടിക്കുന്നത്. ഒരു വര്ഷം ആയിരം ടണ്ണില്‍ കൂടുതല്‍ കൊക്കൊയിന്‍ കൊളംബിയയില്‍ ഉല്‍പാദിക്കപ്പെടുന്നുണ്ട്. മൂന്ന് ടണ്ണിന് പത്ത് കോടി ഡോളര്‍ വില എന്നറിയുമ്പോള്‍ ആയിരം ടണ്ണിന് എത്ര കോടി ഡോളര്‍ എന്ന ഓരോ വര്‍ഷത്തെയും കണക്കുകള്‍ കൂട്ടാന്‍ ഈ കീ ബോര്‍ഡിന് സാദ്ധ്യമാവുന്നില്ല. ഓരോ വര്‍ഷവും കൂടിക്കൂടി വരുന്ന അളവിലുള്ള കൊക്കെയിനും ഹീറോയിനും മറ്റു മയക്കുമരുന്നുകളും കൊളമ്പിയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കടത്തപ്പെടുമ്പോള്‍ മാര്‍ക്കറ്റില്‍ നിന്ന് പതിനായിരം കോടികള്‍ കൊടുത്ത് വാങ്ങി പുകയ്ക്കാനാണോ മനുഷ്യാദ്ധ്വാനം നമ്മള്‍ വിനിയോഗിക്കുന്നതെന്ന ഉത്തരമില്ലാത്ത ഒരു ചോദ്യം എന്‍റെയും നിങ്ങളുടെയും മുന്നില്‍ ബാക്കിയാവുന്നുണ്ട്