കോവിഡ്‌ പ്രോട്ടോകോൾ ലംഘിച്ച്‌ വീണ്ടും മുസ്ലിംലീഗ്

കോവിഡ്‌ പ്രോട്ടോകോൾ ലംഘിച്ച്‌ വീണ്ടും മുസ്ലിംലീഗ്‌. കോട്ടക്കൽ നഗരസഭയിലെ നവീകരിച്ച ബിഎച്ച്‌ റോഡിന്റെ ഉദ്‌ഘാടനമാണ് നഗരസഭാ ചെയർമാൻ കെ കെ നാസറിന്റെ നേതൃത്വത്തിൽ‌ അഞ്ഞൂറിലധികം പേരെ പങ്കെടുപ്പിച്ച്‌ നടത്തിയത്‌. നേരത്തെ, പരിപാടികളിൽ കോവിഡ്‌ ജാഗ്രതാ നിർദേശം പാലിക്കണമെന്ന്‌ ലീഗ്‌ ഉന്നതാധികാര സമിതി തീരുമാനിച്ചിരുന്നു‌.എന്നാൽ, മാസ്‌ക്‌ ധരിക്കാതെയും സാമൂഹ്യ അകലംപാലിക്കാതെയും‌ പ്രവർത്തകർ റോഡ്‌ ഉദ്‌ഘാടനത്തിന്‌ കൂട്ടമായി എത്തുകയായിരുന്നു. ചെയർമാൻ കെ കെ നാസറാണ് ഉദ്‌ഘാടനം നിർവഹിച്ചത്‌. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന്‌ സിപിഐ എം കോട്ടക്കൽ ലോക്കൽ സെക്രട്ടറി ടി കബീർ പറഞ്ഞു. ലീഗ്‌ ഭരിക്കുന്ന മഞ്ചേരി നഗരസഭാ മന്ദിരം ഉദ്‌ഘാടനത്തിനും‌ കഴിഞ്ഞയാഴ്‌ച‌ നൂറുകണക്കിന്‌ ആളുകളെത്തിയിരുന്നു. തുടർന്ന്‌ പൊലീസ്‌ കേസെടുത്തു.