November 17, 2020

കണ്മഷി ഇങ്ങനെ ഉണ്ടാക്കാം !

കണ്ണും കണ്മഷിയും ആയുള്ള ബന്ധം എന്നു തുടങ്ങി എന്നു ചോദിച്ചാൽ നമുക്ക് കൃത്യമായ ഒരു മറുപടി ഉണ്ടാവുകയില്ല.കണ്ണുകളെ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായി സാഹിത്യകാരൻ മാരും ചിത്രകാരൻ മാരും കാണാൻ തുടങ്ങിയ കാലം മുതൽ നമ്മുടെ നാട്ടിൽ കണ്ണിനു കൂട്ടായി കണ്മഷി ഉണ്ട്.

കണ്മഷിയുടെ ഉപയോഗം ആരംഭിച്ചത് അറേബ്യയിൽ ആണെന്നും ഇന്ത്യയിൽ ആണെന്നും രണ്ടു വാദഗതി ഉണ്ട്. രണ്ടായാലും ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും കണ്മഷിയുടെ ഉപയോഗം വ്യാപകമാണ്. നമ്മുടെ നാട്ടിൽ ഒരു കുട്ടി ജനിച്ചുകഴിഞ്ഞാൽ അതിന്റെ പേരിടൽ ചടങ്ങിനോട് കൂടി തന്നെ കണ്മഷി എഴുതലും തുടങ്ങുന്നു.

കണ്മഷി,കാജൽ,സുറുമ തുടങ്ങി നിരവധി പേരുകളിൽ ലോകം മുഴുവൻ അറിയപ്പെടുന്ന കണ്മഷി കണ്ണിന്റെ സൗന്ദര്യം മാത്രമല്ല ആരോഗ്യവും കാത്തുസൂക്ഷിക്കുന്ന ഒന്നായിരുന്നു.എന്നാൽ ആധുനിക കാലത്ത് വ്യാവസായിക ഉൽപാദനം ആയതോടെ പല കണ്മഷികളും കണ്ണിന്റെ ആരോഗ്യത്തിന് ഗുണത്തെക്കാൾ കൂടുതൽ ദോഷം ആയി തുടങ്ങി.

പൂവാംകുരുന്നില അരച്ചു പിഴിഞ്ഞ് എടുത്ത നീരിൽ വെള്ളതുണി മുക്കി ഉണക്കി എടുക്കുക.അത് നല്ലെണ്ണയിൽ മുക്കി കത്തിക്കുമ്പോൾ വരുന്ന പുക ഓട്ടു പാത്രത്തിന്റെ അടിയിൽ കാണിച്ചാൽ കിട്ടുന്ന കരിയാണ് നമ്മുടെ നാട്ടിൽ പാരമ്പര്യമായി കണ്ണെഴുതാൻ ഉയഅയോഗിച്ചിരുന്നത്.കയ്യോന്നിയും ചിലർ ഉപയോഗിച്ചിരുന്നു.ചിലയിടത്ത് ഇതു രണ്ടും കൂടി തുല്യമായ അളവിലും.

എന്തായാലും കണ്ണെഴുതി പൊട്ടും തൊട്ടു വരുന്ന സുന്ദരികൾ എന്നും കാണുന്നവരുടെ കണ്ണുകൾക്ക് സന്തോഷവും അവരുടെ ചുണ്ടുകളിൽ പുഞ്ചിരിയും നൽകും ഉറപ്പ്.കറുപ്പിന് ഏഴഴക് ആണ് എന്ന് കവി പറഞ്ഞത് കണ്മഷി എഴുതി കറുപ്പിച്ച ഏതോ സുന്ദരിയുടെ കണ്ണുകൾ കണ്ടിട്ടായിരിക്കാം.