പഴയ ടി വി യ്ക്കും റേഡിയോ യ്ക്കും വൻ ഡിമാൻഡ്.വസ്തുത ഇതാണ്

ജൂനിയർ മാൻഡ്രേക് എന്ന സിനിമയിൽ പഴയ പ്രതിമ വിൽക്കാനുണ്ടോ പ്രതിമ എന്ന് അന്വേഷിച്ച് നടക്കുന്ന സീൻ കണ്ടിട്ടില്ലേ. അതിനു സമാനമായ ഒരു സീൻ ഇപ്പോൾ നമ്മുടെ നാട്ടിലുമുണ്ടത്രേ. പ്രതിമയ്ക്ക് പകരം പഴയ ടെലിവിഷനും റേഡിയോയുമാണെന്ന് മാത്രം. കേൾക്കുന്നവർ അത്ഭുതപ്പെടൂം.. ഈ സ്ഥലം മുടക്കി സാധനം വെറുതേ കൊടുക്കാമെന്ന് പറഞ്ഞാൽ പോലും വാങ്ങാൻ ആളില്ലാത്തിടത്ത് ഇങ്ങൊട്ട് കാശ് തന്ന് വാങ്ങിക്കൊണ്ടുപോകാൻ ആളുകൾ ക്യൂ നിൽക്കുന്നു. ഇനി പ്രതിമയുടെ അകത്ത് ഉള്ളതുപോലെ വല്ല രത്നമെങ്ങാനും ഉണ്ടോ?

ഊഹിച്ചത് ശരി തന്നെയാണ്‌. പഴയ വാൾവ് റേഡിയോകളുടേയും ടെലിവിഷനുകളുടെയും അകത്ത് ഉള്ള എന്തോ ഒരു വസ്തുവിനു വേണ്ടിയാണ്‌ ആളുകൾ ഇതിനു പിറകേ കൂടിയിരിക്കുന്നത്. ആ അമൂല്യമായ വസ്തുവിന്റെ പേരാണ്‌ ‘റെഡ് മെർക്കുറി’. ന്യൂക്ലിയർ ബോംബ് ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്ന വസ്തു ആയതിനാൽ ഇതിനു ബ്ലാക് മാർക്കറ്റിൽ വലിയ ഡിമാന്റ് ആണെന്നും ഒരു ഗ്രാം റെഡ് മെർക്കുറിക്ക് തന്നെ ലക്ഷങ്ങൾ വിലയുണ്ടെന്നുമൊക്കെ ആണ്‌ അവകാശ വാദങ്ങൾ. സംഗതി ഇപ്പൊൾ അടുത്ത കാലത്താണ്‌ നമ്മുടെ നാട്ടിൽ ഈ ചുവന്ന മെർക്കുറിക്കഥ പ്രചാരത്തിൽ ആയതെങ്കിലും മറ്റേത് കിംവദന്തികളെപ്പോലെയും ഇതും ഇന്റർനാഷണൽ ആണ്‌. അതും എൺപതുകളിലും തൊണ്ണൂറുകളിലും തുടങ്ങിയത്. റെഡ് മെർക്കുറിയെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകൾ ഇന്റർനെറ്റിൽ ധാരാളം ലഭ്യമാണ്‌. Red Mercury Hoax എന്ന് സേർച്ച് ചെയ്താൽ ഇതിന്റെ സത്യാവസ്ഥ മനസ്സിലാകും.

ഇറിഡിയം റൈസ് പുള്ളർ , ഇരുതലമൂരി, വെള്ളി മൂങ്ങ തട്ടിപ്പുകൾ പോലെ ഒന്ന് തന്നെയാണ്‌ ഈ റെഡ് മെർക്കുറിയുടേതും. യൂടൂബിലൊക്കെ നമ്മുടെ മല്ലു യൂടൂബേഴ്സ് പതിവു പോലെ റെഡ് മെർക്കുറിയെക്കുറിച്ചും അതുകൊണ്ട് ആറ്റം ബോംബ് ഉണ്ടാക്കുന്നതെങ്ങനെയെന്നുമൊക്കെ ഉള്ള വീഡിയോകൾ ഇട്ടു കഴിഞ്ഞു. ഏറ്റവും രസകരമായ ഒരു വസ്തുത എന്താണെന്നു വച്ചാൽ ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ആണ്‌ ഇപ്പോൾ ഈ റെഡ് മെർക്കുറി കഥ വ്യാപിക്കുന്നത്. റെഡ് മെർക്കുറിയെ എങ്ങനെ തിരിച്ചറിയാം, ഏതെല്ലാം റേഡിയോകളിലും ടെലിവിഷനുകളിലുമൊക്കെ ആണ്‌ ഇത് കാണുന്നതെന്നുമൊക്കെ വിശദീകരിച്ചുകൊണ്ടുള്ളതും കിട്ടിയാൽ വിൽക്കാനും വാങ്ങാനുമൊക്കെയുള്ള വാട്സപ്പ് നമ്പരുകളും ഒക്കെ കാണിച്ചുകൊണ്ടുള്ള ധാരാളം വീഡിയോകൾ കാണാം. ചിലരൊക്കെ ഓ എൽ എക്സിൽ വൻ വിലയ്ക്ക് വിൽക്കാനും ഇട്ടിട്ടുണ്ട്. റേഡിയോയും ടി വിയും പോട്ടെ പഴയ സിംഗർ തയ്യൽ മെഷീനകത്ത് വരെ റെഡ് മെർക്കുറി ഉണ്ടെന്നൊക്കെയാണ്‌ തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നത്. ഇറിഡിയം താഴികക്കുടങ്ങൾ ഒറിജിനൽ ആണോ എന്ന് പരിശോധിക്കാൻ റൈസ് പുള്ളിംഗ് തട്ടിപ്പ് നടത്തുന്നതുപോലെ റെഡ് മെർക്കുറി ഒറിജിനൽ ആണോ എന്ന് പരിശോധിക്കാൻ സ്വർണ്ണം ഉപയോഗിച്ചും മറ്റുമുള്ള പല തട്ടിപ്പ് പരീക്ഷണങ്ങളും പ്രചരിപ്പിക്കുന്നു. ഇതിന്റെ ഒക്കെ ലക്ഷ്യം ഒന്ന് തന്നെ. ന്യൂക്ലിയർ ബോംബ് ഉണ്ടാക്കാൻ ആണെന്നൊക്കെ പറയുമ്പോൾ നിയമ വിരുദ്ധമായതിനാൽ വിൽക്കുന്നവനും വാങ്ങുന്നവനും കാശ് പോയാൽ പുറത്ത് അറിയിക്കില്ലല്ലോ.

എന്തായാലും ഈ തട്ടിപ്പിൽ ISIS വരെ കുരുങ്ങിയിട്ടുണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എങ്ങനെ എങ്കിലും ന്യൂക്ലിയർ ബോംബ് ഉണ്ടാക്കാൻ നടക്കുന്ന അവർ ഈ തട്ടിപ്പിൽ വീണില്ലെങ്കിലേ അതിശയമുള്ളൂ. അതുകൊണ്ട് തന്നെ ആകണം പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമൊക്കെ റെഡ് മെർക്കുറി ഹോക്സിനു വലിയ പ്രചാരം ലഭിക്കുന്നത്. ന്യൂക്ലിയർ ബോംബ് ഉണ്ടാക്കാൻ ആഗ്രഹിച്ച് നടക്കുന്ന തീവ്രവാദ സംഘടനകളെ കണ്ടുപിടിക്കാൻ റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ പടച്ചുണ്ടാക്കിയ ഒന്നാണ്‌ ഈ റെഡ് മെർക്കുറി എന്നും സൂചനകളുണ്ട്.