ഉദയം പൂജയും പൂജപ്പാടങ്ങളും

ചേർത്തല ക്കാരുടെ അല്ലെങ്കിൽ പഴയ കരപ്പുറത്തിന്റെ കൂട്ടായ്മയുടെ ആഘോഷമായിരുന്നു ഉദയം പൂജ, പത്താമുദായ പൂജ എന്നൊക്കെ പറഞ്ഞിരുന്ന സൂര്യപൂജ. ചെറുപ്പത്തിൽ ഏറ്റവും അധികം ആഘോഷിച്ചിട്ടുള്ള ഒന്നാണ് പൂജപ്പാടത്തെ ദിവസങ്ങൾ. കൊയ്ത്തു കഴിഞ്ഞു ഉണങ്ങിയ പാടങ്ങളും, അമ്പലങ്ങളും വലിയ പറമ്പുകളും ഇതിനായി ഉപയോഗിച്ചിരുന്നു എങ്കിലും പൂജപ്പാടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

വ്യാഴാഴ്ച ഉച്ചയോട് കൂടി ആണ് പൂജപ്പാടത്ത് എല്ലാവരും ഒത്തു ചേരുന്നത്.തെങ്ങിന്റെ ഓല വെട്ടി മുടഞ്ഞു പൂജ പന്തലു കെട്ടുന്നതോടു കൂടി ആണ് കൂട്ടായ്മ ആരംഭിക്കുന്നത്.അന്നുമുതൽ ഞായറാഴ്ച താലം കഴിയുന്നത് വരെ എല്ലാവരും ഒരു കുടുംബം പോലെ അവിടെ ഉണ്ടാകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഭജനയും മറ്റുമായി നല്ല ആഘോഷങ്ങൾ തബലയും മൃദംഗവും ഗിഞ്ചരയുമൊക്കെ കുട്ടിക്കാലത്ത് അടുത്തറിഞ്ഞത് ഇവിടെ നിന്നാണ്.

ഒരു തനിമയുള്ള കാർഷികോത്സവം ആയിരുന്നു പൂജകൾ.അതിന്റെ ഹൈലൈറ്റ് ആയി വരുന്നത് ഞായറാഴ്ച നട്ടുച്ച നേരത്തു താലം ഉയർത്തി സൂര്യനെ വന്ദിക്കുന്ന ചടങ്ങാണ്. ഇതിനു വേണ്ട അപ്പം ഉണ്ടാക്കുക എന്നത് ഒരു കൂട്ടായ്മ തന്നെ ആയിരുന്നു.
നെല്ല് ഉരലിൽ കുത്തി ഉണ്ടാക്കുന്ന അരി ഇടിച്ചു പൊടിച്ചപൊടി കൊണ്ടായിരുന്നു അപ്പം ഉണ്ടാക്കിയിരുന്നത്.ഇതിലേക്ക് കൽക്കണ്ടം,മുന്തിരി,പഴങ്ങൾ മുതലായവ കുഴച്ചു മിക്സ് ചെയ്‌ത് എണ്ണയിൽ വറുത്തെടുക്കുന്നതാണ് അപ്പം.അതിനേക്കാൾ ടേസ്റ്റ് ഉള്ള ഒരു അപ്പം വേറെ ഉണ്ടോ എന്ന് സംശയം.

ഇത് വറുക്കുന്നതിനായി എണ്ണ ഉണ്ടാക്കുന്നത് അതിലും വലിയ അനുഭവമാണ്. തേങ്ങ ചിരണ്ടി വലിയ ചെമ്പിലിട്ടു ഇടിച്ചു പിഴിഞ്ഞു പാലെടുക്കുന്നു.ഇടിക്കുന്നതോ നല്ല ചക്ക വാരിയിൽ കുത്തി ഉണ്ടാക്കുന്ന ഇടിയൻ ഉപയോഗിച്ചും. ആ പാൽ വലിയ ചെമ്പുകളിൽ ആക്കി അടുപ്പിൽ വെച്ചു തിളപ്പിച്ചാണ് എണ്ണ ഉണ്ടാക്കുന്നത്. ഈ എണ്ണ ഉപയോഗിച്ചാണ് അപ്പം ചുട്ടെടുക്കുക. ബാക്കിയാകുന്ന തിളച്ച തേങ്ങാ പാൽ കുടിക്കാൻ ഉപയോഗിക്കുന്നു.തിളച്ചു എണ്ണ വേർപെട്ട പാലിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. പാല് തിളപ്പിച്ച ചെമ്പിന്റെ അടിയിൽ ഉണ്ടാകുന്ന കൊറ്റൻ എന്നു വിളിക്കുന്ന സാധനം ആഹാ അതിലും സൂപ്പർ.

ഞായറാഴ്ച ഉച്ചക്ക് പൂജയും കഴിഞ്ഞ് കഞ്ഞിയും പുഴുക്കും കുടിച്ചു തങ്ങളുടെ താലങ്ങളുമായി പാടം വിടുന്നത് വരെ ഒരുപാട് കുടുംബങ്ങളുടെയും കുട്ടികളുടെയും ആഘോഷപറമ്പു കൂടി ആയിരുന്നു പാടങ്ങൾ. അവധിക്കാലത് കശുവണ്ടി പെറുക്കിയും അതിന് പാടത്ത് വിൽക്കാൻ കൊണ്ടു വരുന്ന പടക്കങ്ങൾ വാങ്ങി പൊട്ടിച്ചും വിവിധ കളികളുമായും കുട്ടികൾ അത് തങ്ങളുടെ മറ്റൊരു ആഘോഷമാക്കി മാറ്റിയിരുന്നു.

ഉദയം പൂജയും സൂര്യ നമസ്കാര പൂജയും സൂര്യ ഭജനകൾ മുതലായവയും കാണിക്കുന്നത് കരപ്പുറത്തിന്റെ വിശ്വാസങ്ങളിൽ സൂര്യന് കൊടുത്തിരുന്ന പ്രാധാന്യം കൂടിയാണ്.അല്ലെങ്കിൽ ഇവിടത്തെ കാർഷിക ജീവിതത്തിൽ സൂര്യന് ഉള്ള സ്ഥാനം.

Ctsy :Gireeshbabu Pn‎