November 17, 2020

അച്ചടി മാധ്യമങ്ങളിൽ പ്രതിസന്ധി മൂർഛിക്കുന്നു

കോവിഡ് -19 ഇന്ത്യൻ അച്ചടി മാധ്യമ മേഖല ഇതുവരെ കാണാത്ത ഒരു പ്രതിസന്ധിയിലേക്കാണ് കൊണ്ടുചെന്നെത്തിച്ചത്.
ഇപ്പോൾ രാജ്യത്തുടനീളം ഈ മേഖല അസ്തിത്വ പ്രതിസന്ധിയിലാണ്. ഹിന്ദു ഗ്രൂപ്പ് , ടൈംസ് ഗ്രൂപ്പ്, ദി ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ ടൈംസ് മീഡിയ ലിമിറ്റഡ്, ബിസിനസ് സ്റ്റാൻഡേർഡ് ലിമിറ്റഡ്, തുടങ്ങിയ മുൻനിര പത്രങ്ങളെപ്പോലും ഈ അഭൂതപൂർവമായ പ്രതിസന്ധി ബാധിച്ചു.കേരളത്തിൽ ടൈംസ് ഓഫ് ഇന്ത്യ പല ജില്ലകളിലെയും എഡിഷനുകൾ നിർത്തലാക്കിയും അൻപതോളം എഡിറ്റോറിയൽ സ്റ്റാഫിനെ കുറവ് ചെയ്തും പിടിച്ചു നില്ക്കാൻ ശ്രമിക്കുന്നു.ചില പത്രങ്ങൾ പേജുകളുടെ എണ്ണം കുറച്ചുപോലും ഈ പ്രതിസന്ധിയെ നേരിടാൻ പെടാപ്പാടു പെടുകയാണ്.ചില മാധ്യമങ്ങൾ ശമ്പളം വെട്ടിക്കുറച്ചും ജീവനക്കാർക്ക് അവധി നൽകാതെയും അർഹതപ്പെട്ട പ്രമോഷൻ നൽകാതെയുമാണ് ഈ പ്രതിസന്ധിയെ നേരിടാൻ ശ്രമിക്കുന്നത്.

കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി രണ്ടു തരത്തിലാണ് അച്ചടി മാധ്യമങ്ങളെ ബാധിച്ചത്. ഒന്ന് പത്രങ്ങളിലൂടെ കോവിഡ് പടരുമെന്ന പേടി എന്നിവ വായനക്കാരുടെ എണ്ണം ഗണ്യമായി കുറച്ചു അതിനനുസരിച്ച് വരിക്കാരും കുറഞ്ഞു .2018 നെ അപേക്ഷിച്ച് 2019 ഇൽ വരിക്കാരിൽ നിന്നുള്ള വരുമാനം 160 കോടി രൂപ വർധിച്ചിരുന്നു .ആ ശുഭകരമായ മാറ്റമാണ് കോവിഡ് ഇല്ലാതാക്കിയത്. രണ്ടു കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക മാന്ദ്യം പരസ്യങ്ങളുടെ എണ്ണവും വരുമാനവും ഗണ്യമായി കുറച്ചു. 2018 നെ അപേക്ഷിച്ച് പരസ്യ വരുമാനത്തിൽ 11300 കോടി രൂപയുടെ കുറവാണ് 2019 ഇൽ രേഖപ്പെടുത്തിയിരുന്നത്. ഈ വർഷത്തെ പരസ്യവരുമാനത്തിന്റെ ഇടിവ് ഭയാനകരമായിരിക്കുമെന്നു ഉറപ്പാണ്.

ടൈംസ് ഓഫ് ഇന്ത്യ പോലെ ഒരു പത്രത്തിന് 48 പേജുകളുണ്ട്. ഉദാഹരണത്തിന് പത്രം 5 രൂപയ്ക്കാണ് വിൽക്കുന്നതെന്നു വിചാരിക്കുക . വിലയുടെ 40 ശതമാനം വിതരണക്കാരനാണ് പോകുന്നത്. അതിന്റെ അർഥം ആ പത്രത്തിന്റെ ഉടമയ്ക്ക് ലഭിക്കുന്നത് 2.40 രൂപയാണ് . 48 പേജുകൾ അച്ചടിക്കാൻ ഇപ്പോൾ ഓരോ പേജിനും 0.25 രൂപയാണ് വില കണക്കാക്കുന്നത് . അതായത് ഒരു പത്രം പ്രിന്റ് ചെയ്യുമ്പോൾ ആകെ ചിലവ് 12 രൂപയാണ്. ജീവനക്കാർക്കും വാർത്താ ഏജൻസികൾക്കും നൽകേണ്ട തുക 3 രൂപ .അതായത് 15 രൂപ വേണം പത്രം അച്ചടിച്ച്‌ പുറത്തിറക്കുന്നതിന് . പക്ഷെ അത് വിൽക്കുന്നത് 5 രൂപയ്ക്ക് .പക്ഷെ അപ്പോഴും ലാഭമാണ് .അതിന്റെ കാരണം പരസ്യ വരുമാനമായിരുന്നു.

പത്രങ്ങളുടെ സാമ്പത്തിക വശം മനസ്സിലാക്കുന്നത് ഈ പ്രതിസന്ധിയെക്കുറിച്ചു പഠിക്കാൻ സഹായകരമാണ്.ഏണെസ്റ് ആൻഡ് യങ് റിപ്പോർട്ട് പ്രകാരം 2019 ഇൽ പത്രങ്ങളുടെ മൊത്തം വരുമാനം 29,600 കോടി രൂപയാണ്.പക്ഷെ ഇത് ഇന്ത്യയിലെ ആകെയുള്ള മീഡിയ എന്റർടൈന്റ്‌മെന്റ് സെക്റ്ററിന്റെ വെറും 16 ശതമാനം മാത്രമാണ് .ഇതിൽ പരസ്യത്തിൽ നിന്നുള്ള വരുമാനം 20,600 കോടി രൂപയാണ്.അതായത് ആകെ വരുമാനത്തിന്റെ 70 ശതമാനം .സർക്കുലേഷനിലൂടെ കിട്ടുന്നത് വെറും 90,00 കോടി രൂപയും. ഇതിനെ ടെലിവിഷനുമായി താരതമ്യപ്പെടുത്തിയാൽ പരസ്യത്തിൽ നിന്ന് മാത്രം ആ മേഖലയ്ക്ക് ലഭിക്കുന്നത് 32,000 കോടി രൂപയും സബ്‌സ്‌ക്രിപ്‌ഷനിലൂടെ 46,800 കോടി രൂപയും.

അച്ചടി മാധ്യമങ്ങളിൽ തന്നെ ദിനപത്രങ്ങൾ വരുമാനത്തിന്റെ സിംഹ ഭാഗവും കൈയടക്കുന്നു 28,600 കോടി രൂപ അതായത് 96.6 ശതമാനം.മാഗസിനുകൾക്കു ലഭിക്കുന്നത് ‌ തുച്ഛമായ 1000 കോടി രൂപ മാത്രം

ഇന്ത്യയുടെ 38% ജനങ്ങൾ വാർത്താ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നു എന്നാണ് കണക്ക് . 86% പ്രസദ്ധീകരണങ്ങളും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലുമാണ്. ഭാഷകൾ താരതമ്യപ്പെടുത്തിയാൽ ഹിന്ദി പത്രങ്ങൾക്കു മൊത്തം പരസ്യ വരുമാനത്തിന്റെ 37 ശതമാനം ലഭിക്കുമ്പോൾ 14 ശതമാനം പ്രസദ്ധീകരണങ്ങൾ മാത്രമുള്ള ഇംഗ്ലീഷ് പത്രങ്ങൾക്കു ലഭിക്കുന്നത് പരസ്യ വരുമാനത്തിന്റെ 24 ശതമാനമാണ് .മലയാളം പ്രസദ്ധീകരണങ്ങൾക്കു ലഭിക്കുന്നത് വെറും 3 ശതമാനം . എന്നാൽ മാഗസിനുകളുടെ കാര്യം എടുത്താൽ പരസ്യവരുമാനത്തിന്റെ 51 ശതമാനവും ഇംഗീഷ് മാഗസിനുകൾ കൊണ്ടുപോകുമ്പോൾ രണ്ടാം സ്ഥാനം മലയാളത്തിനാണ് 10 ശതമാനം.ഹിന്ദി 9 ശതമാനവുമായി മൂന്നാം സ്ഥാനത്തും.

എഫ്എംസിജി, വാഹനങ്ങൾ , വിദ്യാഭ്യാസം, റീട്ടെയിൽ , റിയൽ എസ്റ്റേറ്റ് എന്നിവ അഞ്ചു മേഖലകളാണ് പരസ്യ വരുമാനത്തിന്റെ 50% സംഭാവന ചെയ്യുന്നത്. ഡിജിറ്റൽ ന്യൂസ് റീഡർഷിപ്പ് 300 ദശലക്ഷത്തിലധികമായി വളർന്നുവെങ്കിലും പത്തു ലക്ഷത്തിൽ താഴെ മാത്രമേ സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളൂ എന്നാണ് കണക്കാക്കകപ്പെടുന്നത്.അതിനാൽ തന്നെ ഈ മേഖലയിൽ നിന്നുള്ള വരുമാനം സാവധാനത്തിൽ മാത്രമേ പ്രതീക്ഷിക്കാനാകൂ.

അതായത് കോവിഡ് കാരണം സമ്പദ് വ്യവസ്ഥ നിശ്ചലമാകുമ്പോൾ സാധനങ്ങൾ സേവനങ്ങൾ എന്നിവയുടെ ക്രയ വിക്രയം കുറയും ബിസിനസ് കുറയും അതനുസരിച്ചു പരസങ്ങൾ നൽകുന്നതും അങ്ങനെ പരസ്യ വരുമാനവും കുറയും.

ദീർഘകാലാടിസ്ഥാനത്തിൽ അത്തരമൊരു സാഹചര്യം നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യം ഇപ്പോൾ ഉയർന്നുവരുന്നുണ്ട് . ആയിരക്കണക്കിന് മാധ്യമ പ്രൊഫഷണലുകൾ ലോക് ഡൌൺ സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിത്തെ എങ്ങനെ അതിജീവിക്കും? ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായി തങ്ങളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച ഈ മാധ്യമ പ്രൊഫഷണലുകൾ തൊഴിലില്ലാത്തവരാകുകയോ ദാരിദ്ര്യം മൂലം പത്രപ്രവർത്തനം ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയോ ചെയ്താൽ ആരാണ് ‘സ്വാതന്ത്ര്യത്തിനായി പോരാടുക’ , നിലവിൽ വൻകിട മാധ്യമങ്ങൾ ഏകേദശം മുഴുവനായും വലതുപക്ഷം പർച്ചെയ്‌സ്‌ ചെയ്തിരിക്കുന്ന സാഹചര്യത്തിലും

രാജ്യവ്യാപകമായി പൂട്ടിയിടുന്നതിന്റെ നേരിട്ടുള്ള വിപരീത ഫലമായി അച്ചടി മാധ്യമങ്ങൾ നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുത്ത്, അച്ചടി മാധ്യമങ്ങളെ സഹായിക്കാനും പരിരക്ഷിക്കാനും സർക്കാർ മുന്നോട്ട് വരേണ്ടി വരും.,