November 17, 2020

KSDP വെന്റിലേറ്റർ നിർമ്മാണത്തിലേക്ക് കടക്കുന്നു.

കേരള സർക്കാർ വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖലാ സ്‌ഥാപനമായ കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് (KSDP) രാജ്യത്തെ ഏറ്റവും ചെലവുകുറഞ്ഞ വെന്റിലേറ്റർ നിർമ്മാണത്തിന് തയ്യാറെടുക്കുന്നു. പൊതുമേഖലയിൽ ജീവൻരക്ഷാമരുന്നുകളും മറ്റും നിർമ്മിച്ചുവരുന്ന KSDP കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് വെന്റിലേറ്റർ വികസിപ്പിക്കുന്നതുവഴി ഇൻസ്ട്രുമെന്റ് നിർമ്മാണത്തിലേക്ക് കൂടി കടക്കുന്നത്. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NIT – Calicut) ന്റെ സാങ്കേതിക സഹായത്തോടെയാണ് KSDP വ്യാവസായികാടിസ്‌ഥാനത്തിൽ വെന്റിലേറ്റർ നിർമ്മിക്കുന്നത്. ICMR ന്റെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് ജൂലൈ അവസാനത്തോടെ നിർമ്മാണം തുടങ്ങാനാണ് വ്യവസായ വകുപ്പും KSDP യും ഉദ്ദേശിക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആശുപത്രികളിൽ രൂക്ഷമായ വെന്റിലേറ്റർ ക്ഷാമം അനുഭവിക്കുന്നതിനാൽ ICMR അംഗീകാരം വൈകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എയർ പ്യൂരിഫയർ സംവിധാനം ഒഴികെ ബാക്കിയുള്ള പാർട്സുകൾ കേരളത്തിൽ തന്നെ പൊതുമേഖലയിൽ നിർമ്മിക്കുന്നതിനാൽ നിർമ്മാണ ചെലവ് വളരെയേറെ കുറയുമെന്നാണ് KSDP യുടെ കണക്കുകൂട്ടൽ.