August 19, 2020

ആത്മവീര്യത്തിന്റെ തുഴയെറിഞ്ഞ്‌ നൂറിൽ നൂറുമായി‌ വീണ്ടും കുട്ടനാട്

ആത്മവീര്യത്തിന്റെ തുഴയെറിഞ്ഞ്‌ നൂറിൽ നൂറുമായി‌ വീണ്ടും കുട്ടനാട്‌. രണ്ട്‌ പ്രളയവും കോവിഡ്‌ ലോക്ക്‌ ഡൗണും കശക്കിയെറിഞ്ഞിട്ടും അതിജീവീക്കുകയാണ്‌ കുട്ടനാടൻ കുട്ടികൾ. 33 സ്‌കൂളിലായി പരീക്ഷയെഴുതിയ 2106 പേരും ഉപരിപഠനത്തിന്‌ യോഗ്യത നേടി. 170 പേർക്ക്‌ എല്ലാ വിഷയത്തിനും എ പ്ലസ്‌‌. ഏഴ്‌ സർക്കാർ സ്‌കൂളും 25 എയ്‌‌ഡഡ്‌, ഒരു അൺ എയ്‌ഡഡ് സ്‌കൂളുമാണ്‌ ഇവിടെയുള്ളത്‌‌. സംസ്ഥാനത്ത്‌ നൂറിൽ നൂറ്‌ നേടുന്ന ഏക വിദ്യാഭ്യാസ ജില്ലയാണ്‌‌. കഴിഞ്ഞവർഷവും ഒന്നാംസ്ഥാനത്തായിരുന്നു. 2018ൽ 96.70 ഉം 2019ൽ 99.94 ശതമാനവുമായിരുന്നു വിജയം.2018ലെ പ്രളയത്തിൽ നൂറുകണക്കിന്‌ വിദ്യാർഥികൾക്ക്‌ വെള്ളംകയറി പുസ്‌തകങ്ങൾ നഷ്‌ടപ്പെട്ടു‌‌‌. ഇതിൽ നിന്ന് കരകയറിയപ്പോഴാണ് 2019ലെ വെള്ളപ്പൊക്കം. പുസ്‌തകമില്ലാത്തവർക്കെല്ലാം സർക്കാർ സൗജന്യമായി പുസ്‌തകമെത്തിച്ചു.. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെയും ജില്ലാ പഞ്ചായത്തിന്റെയും മറ്റും സജീവ ഇടപെടൽ പുതിയ ഉണർവായി. അധ്യയനം മുടങ്ങിയതിന്‌ പകരമായി ശനിയാഴ്‌ച പ്രവൃത്തിദിനമാക്കി. രാവിലെയും വൈകിട്ടും പ്രത്യേക ക്ലാസെടുത്താണ്‌ കുട്ടികളെ പരീക്ഷയ്‌ക്ക്‌ ഒരുക്കിയത്‌‌.അധ്യയന വർഷാവസാനം കോവിഡ്‌ എത്തി. യാത്രാസൗകര്യം കുറവായ കുട്ടനാട് ഇതോടെ ഒറ്റപ്പെട്ടു. മാറ്റിവച്ച പരീക്ഷ നടത്തിയപ്പോൾ കുട്ടനാടിന്‌ പ്രത്യേക കരുതൽ നൽകി. എല്ലാ കുട്ടികൾക്കും‌ പരീക്ഷയെഴുതാനുള്ള സൗകര്യം ഒരുക്കാൻ വിദ്യാഭ്യാസ വകുപ്പിനൊപ്പം മറ്റ്‌ സർക്കാർ വകുപ്പുകളും ഒപ്പംനിന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടനാട്ടിൽ 5.94 കോടി രൂപയാണ്‌ ചെലവഴിച്ചത്‌.