November 17, 2020

ശ്രീകണ്ഠൻ നായരുടെ ചില രഹസ്യങ്ങൾ

.മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്നൊക്കെ പറയുമെങ്കിലും മാറാൻ എല്ലാവർക്കും മടിയാണ്. വിജയകരമായി പോകുന്ന ഒരു മോഡൽ ആകുമ്പോൾ പ്രത്യേകിച്ചും.എന്നാൽ ശക്തനായ ഒരു കോമ്പിറ്റേറ്റർ വരുമ്പോഴാണ് പെട്ടെന്ന് സമവാക്യങ്ങൾ മാറുന്നത്

ഇതിപ്പോൾ പറയാൻ കാരണം 24 ന്യൂസ് എന്ന ചാനൽ റേറ്റിങ്ങിൽ മുന്നിൽ എത്തുന്ന കാഴ്ച കാണുന്നത് കൊണ്ടാണ്.ശ്രീകണ്ഠൻ നായർ എന്ന പരിണത പ്രജ്ഞനായ ‘ബ്രാൻഡി’ൻ്റെ വാല്യു പലർക്കും വേണ്ടസമയത്ത് മനസിലാക്കാൻ പറ്റിയില്ല. അതാണ്‌ ഇപ്പോള്‍ ന്യൂസ് ചാനലുകളുടെ പോരാട്ടത്തില്‍ 24 ചാനല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ തൊട്ടു പുറകില്‍ എത്താന്‍ കാരണം. എല്ലാ കാര്യത്തിലും യോജിക്കാൻ പറ്റില്ലെങ്കിലും അദ്ദേഹത്തിൻ്റെ അവതരണ ശൈലി ആരേയും ആകർഷിയ്ക്കുന്നതാണ്. നാട്യങ്ങളില്ലാതെ കുശലപ്രശ്നം നടത്തുന്ന രീതിയിലുള്ള സംഭാഷണ രീതിയാണ്. കടിച്ചു പിടിച്ചുള്ള വർത്തമാനമില്ല തെറ്റുപറ്റിയാൽ തിരുത്തുന്നു. മോർണിംഗ് ഷോയിൽ പ്രേക്ഷകരുടെ കമൻ്റുകൾ വായിച്ച് അപ്പോൾത്തന്നെ മറുപടി പറയുന്നു.” ഗുഡ് മോര്‍ണിംഗ് വിത്ത് ശ്രീകണ്ഠന്‍ നായര്‍” എന്ന പേരില്‍ രാവിലെ ഒരു പ്രോഗ്രാം തുടങ്ങണമെങ്കില്‍ തന്നെ ആത്മവിശ്വാസം കുറച്ചു പോരാ.

എന്നാൽ 24 ഉയർത്തുന്ന വെല്ലുവിളി എങ്ങനെ നേരിടണമെന്ന ആശയക്കുഴപ്പത്തിലാണ് എല്ലാവരും. 24 ലെ വിജയകരമായ പരിപാടികളെ അനുകരിക്കുക എന്ന ലെവലിലേക്കാണ് മിക്ക ചാനലുകളും മാറിയത് എന്നാൽ അതൊരു നല്ല മോഡൽ ആയി എനിക്ക് തോന്നിയില്ല

ഇന്ന് വിവിധ ചാനലുകളുടെ സ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്ന അവതാരകരും വാർത്ത വായനക്കാരുമൊക്കെ 10 കൊല്ലമെങ്കിലും ഒരേ പോലെ തുടരുന്നവരാണ്. അവർക്ക് പ്രായം കൂടി എന്നതല്ലാതെ ഒരു മാറ്റവും അവരിൽ ഇല്ല. അവർ എന്തെങ്കിലും പുതുമയുള്ള ഒരു പ്രോഗ്രാം പോലും കണ്ടെത്തിയിട്ടില്ല. മാറാനുള്ള പലരുടെയും മടിയാണ് ഇതിനുള്ള പ്രധാന കാരണം. എന്നാൽ കാഴ്ചക്കാർക്ക് ഇവരെ പലരേയും ബോറടിച്ച് തുടങ്ങി എന്നതാണ് ഒരു സത്യം. എന്നാൽ ഈ പൾസ് മനസിലാക്കേണ്ട മാനേജുമെന്റാകട്ടെ ഇതിലൊന്നും ഇടപെടാതെ കാലം കഴിക്കുകയും ചെയ്തു.

ന്യൂസ് ഡിബേറ്റ് അവതാരകർ ആണ് മിക്കപ്പോഴും ചാനലിന്റെ മുഖമായി വർത്തിക്കുന്നത്. എന്നാൽ നീണ്ട കാലം കൊണ്ട് അവർ ആർജ്ജിച്ച ഒരു പൊതു സ്വഭാവം അവരുടെ ധാർഷ്ട്യം വർദ്ധിപ്പിക്കുകയും ഡിബേറ്റെന്നാൽ അവരുടെ അജണ്ട അവതരിപ്പിക്കാനുള്ള ഒരു വേദി ആകുകയും ചെയ്തു. വിനു വി ജോണൊക്കെ ഒരു പരിധികൂടി കടന്ന് അതിഥികൾ സംസാരിക്കുമ്പോൾ മൊബൈൽ ഫോൺ നോക്കി ഇരിക്കുന്നത് കാണുമ്പോൾ ആളുകൾ പറയുന്നതൊന്നും താൻ കേൾക്കാനെ തയ്യാറാല്ല എന്ന ഒരു ഭാവം തന്നെ ഉള്ളതായി തോന്നും. ഒരാൾ സംസാരിക്കുന്നതിനിടയിൽ കയറി പരമാവധി സംസാരിക്കുക എന്നത് വിനുവിന്റെ രീതിയുമാണ്. നിർഭാഗ്യവശാൽ ഇത് ശരിയല്ലാന്ന് പറയാൻ ഏഷ്യനെറ്റിൽ ആരും ഇല്ലാതെ പോയി. 50% റേറ്റിങ്ങ് ഉള്ള ചാനൽ എന്ത് ചെയ്യുന്നോ അതായിരുന്നു ട്രന്റ്. ഇതിന്റെ ആവർത്തനമായിരുന്നു മനോരമയിൽ ഷാനിയും നിഷയും‌ അയ്യപ്പദാസുമൊക്കെ . മാതൃഭൂമിയിലാണേൽ വേണുവും സ്മൃതിയും .

ഈ അർണബ് ഗോസാമി മോഡലാണ് ന്യൂസ് ഡിബേറ്റ് എന്ന് ധരിച്ച് വച്ചിരുന്ന സ്ഥലത്താണ് ശ്രീകണ്ഠൻ നായർ പുതിയ രീതി കൊണ്ടുവന്നത്. ചാനൽ അവതാരകരുടെ ധാർഷ്ട്യം ആളുകൾക്ക് മടുത്തിരുന്നുവെന്ന വസ്തുത എഡിറ്റർമാർക്കും‌ മാനേജുമെന്റിനുകൾക്കും‌ മനസിലാക്കാൻ വൈകിപ്പോയി. ആ ഗ്യാപ്പാണ് 24 വിദഗ്തമായി ഉപയോഗിച്ചത്. എന്നാൽ മാർക്കറ്റിൽ നിന്ന് തനിക്ക് ലഭിക്കുന്ന ആളുകളെ വച്ച് അത്തരം ഒരു മാറ്റം നടക്കില്ലാന്ന് മനസിലാക്കിയ ശ്രീകണ്ഠൻ നായർ ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയായിരുന്നു

തെറ്റുപറ്റിയാൽ തിരുത്തുക എന്നതും 24 കാണിച്ചുതന്ന ഒരു മാതൃക ആണ്. ഏഷ്യനെറ്റിൽ വന്ന വ്യാജ വാർത്ത‌ കൈയ്യോടെ പിടിച്ചിട്ടും അത് തിരുത്താൻ എ.ജി രാധാകൃഷ്ണനെപ്പോലെ ഒരു എഡിറ്റർ തയ്യാറാകാതെ നിൽക്കുമ്പോഴാണ് ശ്രീകണ്ഠൻ നായർ അത് ചെയ്തത്.

24 നെ അനുകരിക്കാതെ സ്വന്തമായി ഐഡന്ററ്റി കണ്ടെത്തുകയാണ് മറ്റ് ചാനലുകൾ ചെയ്യേണ്ടത്. മാറ്റത്തിനായി പുതിയ എഡിറ്റർമാരെ അടക്കം ഹയർ ചെയ്യണമെങ്കിൽ അതും ചെയ്യണം. ജീവനക്കാർക്ക് എന്തൊക്കെ ഡൊമൈൻ നോളജ് ഉണ്ടെന്നറിയാൻ ഇന്റേണൽ ടെസ്റ്റ് ഒക്കെ നടത്താനും തയ്യാറാകണം. കൃത്യമായ ഒരു ചേഞ്ച് മാനേജുമെന്റ് പോളിസി നടപ്പിലാക്കുകയാണ് എല്ലാ ചാനൽ മാനേജ്മെന്റും ഉടൻ ചെയ്യേണ്ടത്.

വൈകിട്ട് കൊവിഡ് കാലത്ത് നടന്ന വളരെ നല്ല ന്യൂസ് അവർ ചർച്ചകൾ 24 ന്യൂസിലേതാണ്. അതിലവർ സ്കോർ ചെയ്തു. വള വളാ വാചകമടിക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി വിദഗ്ദ്ധരെ മാത്രം വച്ച നടത്തിയ ചര്‍ച്ചകള്‍ തീര്‍ച്ചയായും കേള്‍ക്കേണ്ടവയായിരുന്നു. ഒരിക്കൽ അമേരിക്കയിൽ നിന്ന് ചർച്ചയിൽ പങ്കെടുത്ത ഡോ.പരമേശ്വരന്‍ ഹരിയോട് പ്രേക്ഷകർക്ക് വേണ്ടി താങ്കൾ സ്വയം ഒന്ന് പരിചയപ്പെടുത്തൂ എന്ന് പറഞ്ഞത് കൗതുകകരമായിരുന്നു… “നമ്മൾ തമ്മിൽ” അവതരിപ്പിക്കുന്ന കാലത്ത് ചർച്ചക്കിടയിൽ കയറി സംസാരിക്കുക പതിവായിരുന്നു. അത്തരം രീതി കാണാനില്ല.

ഇതു കൂടാതെ 24 ചാനലിന്‌ കണ്ണിന് പ്രയാസം കൂടാത്ത വിധത്തിലുള്ള ലേ ഔട്ട് ആണ് ഉള്ളത്. അതിൻ്റെ ഇളം നിറവും വാർത്തകൾ എഴുതിക്കാണിക്കുന്ന രീതിയും ഭംഗിയുള്ളതാണ്. ചടുല വാർത്തകൾ തുടങ്ങിയതും അവരാണ്.

ഈ ബ്രാൻഡിനോട് കിടപിടിക്കാൻ മലയാളത്തിൽ രണ്ടു പേരേ ഉള്ളൂ.. ജോൺ ബ്രിട്ടാസും, നികേഷ് കുമാറും .അവരാകട്ടെ പിന്നണിയിലുമായി. അവരവരുടെ ചാനലുകള്‍ നന്നാക്കണമെന്ന് രണ്ടു പേര്‍ക്കും താല്‍‌പര്യവുമില്ലെന്ന് തോന്നുന്നു.

ഏതു രംഗത്തും വ്യത്യസ്തത ( innovative ideas) ആരു കൊണ്ടു വരുന്നുവോ അവര്‍ക്ക് വിജയം ഉണ്ടാവും.മറ്റുള്ളവര്‍ക്ക് അവരെ അനുഗമിയ്ക്കാനേ പറ്റൂ..