November 17, 2020

ഇന്ത്യ ചൈന യുദ്ധത്തിൽ അന്ന് സംഭവിച്ചത് ഇതാണ് !

1962 ഒക്ടോബർ 20- ന് തുടങ്ങിയ യുദ്ധം നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് അവസാനിച്ചത് . അതെ തുടർന്ന് ചൈന തർക്കപ്രദേശത്ത് നടത്തിയ മുന്നേറ്റത്തിൽ നിന്നും പിന്മാറാനും തയ്യാറായി. ഈ യുദ്ധത്തിന് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീമാൻ ജവഹർലാൽ നെഹ്‌റു അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ജോൺ ഓഫ് കെന്നടിക്കു സഹായം അഭ്യർത്ഥിച്ചു കത്തയച്ചു. സോവിയറ്റ് യൂണിയനോ മറ്റു ചേരിചേരാ രാജ്യങ്ങളോ ഇന്ത്യയെ സഹായിക്കുവാൻ എത്തില്ല എന്ന തിരിച്ചറിവ് ആയിരുന്നു മനസ്സില്ലാമനസ്സോടെ എങ്കിലും ആ ഒരു സഹായ അഭ്യർത്ഥന നടത്തുവാൻ നെഹ്‌റുവിനെ പ്രേരിപ്പിച്ചത്.നവംബര്‍ 21ന് ചൈന ഏകപക്ഷീയമായി വെടിനിര്‍ത്തിയതോടെ നെഹ്രു ആവശ്യപ്പെട്ട തരത്തിലുള്ള സഹായങ്ങള്‍, അമേരിക്കയ്ക്ക് നല്‍കേണ്ടി വന്നില്ല.

കെന്നഡിക്ക് നേരിട്ട് എഴുതും മുമ്പേ തന്നെ യുദ്ധത്തിന്റെ ഒരു ഘട്ടത്തില്‍, ഇന്ത്യ സുഹൃദ് രാഷ്ട്രങ്ങളുടെ സഹായം അഭ്യര്‍ഥിച്ചതിനാല്‍ ബ്രിട്ടനും അമേരിക്കയും ഇന്ത്യയ്ക്ക് ആയുധങ്ങള്‍ എത്തിച്ച് സഹായത്തിന് മുന്നിട്ടിറങ്ങിയിരുന്നു.

ഇന്ത്യ -ചൈന അതിർത്തിയെ പടിഞ്ഞാറൻമേഖല, മധ്യമേഖല, കിഴക്കൻ മേഖല എന്നിങ്ങനെ മൂന്നായി വേർതിരിക്കാം. ഇതിൽ പടിഞ്ഞാറൻ മേഖലയും കിഴക്കൻ മേഖലയുമാണ് പ്രധാനമായും രണ്ടു രാജ്യങ്ങൾക്കുമിടയിൽ തർക്കങ്ങൾക്ക് ഹേതുവാകുന്നത്. കിഴക്കൻ മേഖലയിൽ മക്മോഹൻ രേഖയാണ് (അരുണാചൽ പ്രദേശ് ബോർഡർ ) ഇന്ത്യ ചൈന അതിര്ത്തി. പടിഞ്ഞാറ് കശ്മീരിലെ അക്‌സായി ചിന് എന്ന ഏരിയയിൽ ഇന്ത്യയും ചൈനയും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നുവെങ്കിലും ഈ ഭാഗം 1962നു ശേഷം ചൈനീസ്‌ നിയന്ത്രണത്തിലാണ്.

ഇന്ത്യ ചൈന തർക്കത്തിന്റെ കാരണങ്ങൾ ചികഞ്ഞാൽ ചെന്നെത്തുക തീർച്ചയായും മക്മോഹൻ രേഖയുടെ നിർണയത്തിലും കശ്മീർ – ചൈന അതിർത്തിയിലേക്കുമാണ്.മക്മോഹൻ രേഖ യഥാർത്ഥത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ ഉള്ള അതിർത്തിയല്ല ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യ – ടിബറ്റ് അതിർത്തിയാണ്.ബ്രിട്ടീഷ് സിവിൽ സെർവെന്റ് ആയിരുന്ന സർ ഹെൻറി മക് മോഹൻ ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായിരുന്ന കാലത്തും, ചൈനയിൽ വിപ്ലവം നടന്ന് ജനകീയ ചൈനയാവുന്നതിന് മുൻപുള്ള കാലത്തും രേഖപ്പെടുത്തിയ അവ്യക്തമായ ഒരു അതിർത്തിയാണത്. 1914 ലെ സിംല കരാർ ആദ്യം ടിബറ്റ്, ചൈന, ബ്രിട്ടീഷ് ഇന്ത്യ ഇവ അംഗീകരിച്ചിരുന്നെങ്കിലും, പിന്നീട് ചൈന അതിൽ നിന്ന് പിന്മാറിയിരുന്നു. സിംല കരാറിൽ ഇന്ത്യാ – ചൈനാ അതിർത്തിയായി രേഖപ്പെടുത്തിയിരുന്ന മക് മോഹൻ രേഖയ്ക്ക് വ്യക്തമായ ഒരു ലിഖിത – രേഖാചിത്ര രൂപം ഉണ്ടായിരുന്നില്ല എന്നത് വസ്തുതയാണ്.

1954ൽ സർവ്വേ ഓഫ്‌ ഇന്ത്യ നാം ഇന്ന് കാണുന്നതരത്തിൽ അതിർത്തികൾ നിര്ണയിച്ചുകൊണ്ടുള്ള ഒരു മാപ്പ് തയ്യാറാക്കുകയും ചെയ്തു.ഇതിന് മുൻപ് ഇന്ത്യ ഗവന്മെന്റ് പുറത്തിറക്കിയ മാപ്പിൽ കിഴക്കൻ മേഘലയിൽ മക്മോഹൻ രേഖ വരച്ചിരുന്നെങ്കിലും അതിർത്തി അടയാളപ്പെടുത്തിയിട്ടില്ല എന്ന് കാണിച്ചിരുന്നു അതുപോലെ പടിഞ്ഞാറും മദ്ധ്യഭാഗത്തും അതിർത്തിരേഖ വരക്കുന്നതിനു പകരം വർണ്ണവ്യത്യാസം വരുത്തി അതിർത്തിനിര്ണയിച്ചിട്ടില്ല എന്നെഴുതി. എന്നാൽ പുതിയ മാപ്പിൽ കിഴക്കൻ ബോർഡറിന് പുറമേ മദ്ധ്യഭാഗവും പടിഞ്ഞാറും വ്യക്തമായി വേർതിരിച്ചു കാണിച്ചു ഇതിൽചൈനയും അവരുടേതെന്ന് അവകാശപ്പെടുന്ന അക്‌സായിചിന് പ്രദേശവും പെട്ടിരുന്നു. ലഡാക്കിനും ചൈനക്കും ഇടയിലുള്ള അതിർത്തി ഒരിക്കൽപോലും ഔപചാരികമായി അളന്ന് തിരിക്കുകയോ അടയാളപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നിരിക്കെ ഇന്ത്യ ഏകപക്ഷീയമായി ഇങ്ങനെ ഒരു അതിർത്തി നിർണ്ണയം നടത്തിയത് ചൈനയെ ചൊടിപ്പിക്കാൻ പോന്ന ഒരു വീഴ്ചയാണെന്ന്‌ നിസ്സംശയം പറയാം.
അക്‌സായി ചിന് ചൈനയ്ക്കു നൽകിക്കൊണ്ട് ജമ്മു കശ്മീർ ഭൂപടത്തിൽ എന്ത് മാറ്റം വരുത്തിയാലും അത് കശ്മീർ വിഷയത്തിൽ uno യിൽ പരിഗണനയുള്ള ഇന്ത്യ പാക് കേസിനെ പ്രതികൂലമായി ബാധിക്കാനും കേസിൽ ഇന്ത്യൻ വാദങ്ങൾ ദുര്ബലമാകാനും സാധ്യത ഉള്ളതിനാൽ ആണ് നെഹ്‌റു ഇത്തരം ഒരു തീരുമാനത്തിലെത്തിയത് എന്ന് പറയപ്പെടുന്നുണ്ട്. ഏതായാലും നിയമപരമായി വ്യക്തമായ പിൻബലമില്ലാതെ നിർമിച്ച ഈ മാപ്പ് ആണ് ഇന്ത്യ – ചൈന യുദ്ധത്തിലേക്കുനയിച്ച ആദ്യ വഴിത്തിരിവ് എന്ന് പറയാം.

ഈ മാപ്പ് പ്രകാരം അതിർത്തിയിൽ ഉടനീളം ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചതോടെ ഇന്ത്യൻ പട്ടാളം അതിർത്തിക്കുള്ളിലേക്ക് നുഴഞ്ഞുകയറിയെന്ന ചൈനയുടെ പരാതികൾ ആരംഭിച്ചു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ചെക്പോസ്റ്റുകൾ അതിർത്തിയിൽനിന്നും വളരെ ഉള്ളിലായിരുന്നു സ്ഥാപിച്ചിരുന്നത് എന്നതിനാൽ ഇവിടങ്ങളിൽ പ്രശ്നങ്ങൾ കുറവായിരുന്നു. പരാതികൾ മിക്കവയും മധ്യമേഖലയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അതിർത്തിരേഖകടന്നു പോകുന്ന പാതകളും ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങളും പോലും തങ്ങളുടെ ഭൂമിയിലാണെന്ന് ഇരുകൂട്ടരും അവകാശപ്പെട്ടുവെങ്കിലും ഇവയിൽ പലതും നയതന്ത്ര തലത്തിൽ പ്രതിഷേധക്കുറിപ്പുകൾ കൈമാറിയതോടെ അവസാനിച്ചു.

മധ്യമേഖലയിൽ ഇങ്ങനെ ചെറിയ തർക്കങ്ങൾ തുടങ്ങുന്ന സമയത്താണ് അക്‌സായി ചിന്നിൽ ചൈന നടത്തുന്ന റോഡ് നിർമ്മാണത്തെക്കുറിച്ചു ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വിവരം ലഭിക്കുന്നത്. വർഷങ്ങളോളം സമയം എടുത്തു ചൈന നടത്തിയ ഈ വലിയ റോഡിന്റെ നിര്മാണപ്രവർത്തനങ്ങളെക്കുറിച്ചു ടിബറ്റിലെ ഇന്ത്യൻ ട്രേഡ് ഏജന്റ് 1955ൽ തന്നെ ഇന്ത്യൻ ഗവണ്മെന്റിനെ അറിയിച്ചിരുന്നെങ്കിലും വിദേശകാര്യവകുപ്പ് അത് അവഗണിച്ചു അതിനുശേഷം 1957 സെപ്റ്റംബറിൽ ഈ റോഡിന്റെ പണി പൂർത്തിയായ വാർത്ത‍ ചൈനീസ് പത്രങ്ങളിൽ വന്നപ്പോഴാണ് ഇന്ത്യൻ ഭൂപടത്തിനുള്ളിൽ നടന്ന ഇത്രയും ദീർഘമായ ഒരു പ്രവൃത്തിയെക്കുറിച്ചു ഗവന്മെന്റ് അറിയുന്നത് തന്നെ

വാർത്ത‍ അറിഞ്ഞ ശേഷവും റോഡിന്റെ സ്ഥാനവും മറ്റു വിവരങ്ങളും പരിശോധിക്കുന്നതിന് രണ്ടു റോന്തുചുറ്റൽ സംഘങ്ങളെ അയക്കാൻ ഇന്ത്യക്ക് സാധിക്കുന്നത് ഒരു വര്ഷത്തിനു ശേഷം 1958 സെപ്റ്റംബറിൽ ആണ്. ഇതിൽ ഒരു സംഘം പരിശോധന പൂർത്തിയാക്കി മടങ്ങിവന്നു ഇന്ത്യയുടേതെന്നവകാശപ്പെടുന്ന സ്ഥലത്തുകൂടെയാണ് റോഡ് കടന്നുപോകുന്നത് എന്ന് സ്ഥിരീകരിച്ചു. പക്ഷേ രണ്ടാമത്തെ സംഘത്തെ ചൈനീസ്‌ പട്ടാളം തടഞ്ഞുവച്ചു. വിദേശ കാര്യമന്ത്രാലയം ഇടപെട്ടതിനുശേഷമാണ് അവരെ വിട്ടയച്ചത്. അ തേസമയം ചൈനയിലെ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സ്വേച്ഛാധിപത്യപരമായ സമ്പ്രദായങ്ങൾക്കും ടിബറ്റിലെ നിലവിലെ സാമൂഹ്യവ്യവസ്ഥിതിയിൽ മാറ്റം വരുത്താനുള്ള നടപടികൾക്കുമെതിരെ ടിബറ്റിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഉച്ചസ്ഥായിയിലെത്തിയിരുന്നു. പ്രക്ഷോഭകർക്ക് cia യും തായ്‌വാൻ ചാരസംഘടനയും സഹായം നൽകിയിരുന്നത് വാസ്തവമായിരുന്നുവെങ്കിലും ചൈനയുടെ ദൃഷ്ടിയിൽ ഇന്ത്യയും സംശയത്തിനിരയായി.

അക്‌സായിചിനിലെ റോഡിന്റെ നിർമ്മാണം പൂർത്തിയായതോടെ ചൈന അതിർത്തിയിൽ അതുവരെ കാണിച്ചിരുന്ന ഭാവത്തിൽ നിന്നു മാറി തുടങ്ങി അതിനു തുടക്കമെന്നോണം അവർ 1958 ജൂലായിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ അക്‌സായി ചിന്നിനു പുറമേ നോർത്ത് ഈസ്റ്റിലെയും ഭൂട്ടാനിലെയും അന്നത്തെ ഉത്തർപ്രദേശിലെയും കുറേ പ്രദേശങ്ങൾ അവരുടേതായി കാണിച്ചു. ആ ഭൂപടപ്രകാരം കാശ്മീരിൽ അതിർത്തി അക്‌സായിചിന് കടന്നു ലഡാക്കിലെ കുറേ അധികം സ്ഥലങ്ങളും വിഴുങ്ങിയിരുന്നു. ചൈനയുടെ മുൻപുള്ള ഭൂപടങ്ങളിലും പടിഞ്ഞാറും കിഴക്കും തർക്കപ്രദേശങ്ങളിൽ ഇങ്ങനെ വന്നിരുന്നെങ്കിലും പഴയ ഭൂപടങ്ങൾ തിരുത്താൻ സമയം കിട്ടാതിരുന്നതിനാലാണ് അങ്ങനെ സംഭവിച്ചത് എന്നായിരുന്നു അന്ന് വിശദീകരിച്ചിരുന്നത്. എന്നാൽ ഇത്തവണ ഭൂപടത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു ഇന്ത്യ കത്തയച്ചപ്പോൾ ചൈന പറഞ്ഞ മറുപടി ഈ ഭാഗങ്ങളിൽ കൂടിയാലോചനകൾ നടത്തുകയും അതിർത്തി വീണ്ടും സർവ്വേ നടത്തുകയും ചെയ്തശേഷം അതിർത്തി രേഖപ്പെടുത്താൻ ഉള്ള പുതിയ രീതി കണ്ടെത്താം എന്നതായിരുന്നു. അതായത് ഇന്നത്തെ ഉത്തരാഖഡ് അടക്കമുള്ള ഇന്ത്യൻ ഗവണ്മെന്റിന്റെ ഭരണത്തിലുള്ള പ്രദേശങ്ങൾ ഇന്ത്യയുടേതാണോ എന്ന് ചൈനയുമായി ചർച്ചചെയ്തു സർവ്വേ നടത്തി തീരുമാനിക്കാം എന്ന് സാരം.

പെനിപോസ്റ്റുകൾ സ്ഥാപിച്ചു തുടങ്ങിയതിനോട് തുടക്കത്തിൽ ചൈന കാര്യമായി പ്രതികരിച്ചില്ല.അതോടെ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടിയ ഇന്ത്യൻ സൈന്യത്തോട് ചൈന പ്രതികരിച്ചത് കാരക്കോറം പാസ്‌ മുതൽ കൊങ്ക പാസ്‌ വരെ 1959 ൽ അവസാനിപ്പിച്ച അവരുടെ പെട്രോളിംഗ് പുനരാരംഭിച്ചുകൊണ്ടായിരുന്നു. ഇന്ത്യ നടപടികൾ തുടരുന്ന പക്ഷം ചൈന അതിർത്തിയിൽ ഉടനീളം പെട്രോളിംഗ് നടത്തുമെന്ന് മുന്നറിയിപ്പും നൽകി. ഇത് ഇന്ത്യ അവഗണിച്ചതോടെ ചൈനീസ്‌ പോസ്റ്റുകളെ വലയം ചെയ്യാനുള്ള ഇന്ത്യൻ തന്ത്രത്തിന് ബദലായി ഇന്ത്യൻ പോസ്റ്റുകളെ പുനർവലയം ചെയ്യാൻ മാവോ ചൈനീസ്‌ സേനകളോട് ആവശ്യപ്പെട്ടു. ഇതിന്റെ സൂചനകൾ നൽകിക്കൊണ്ട് മെയ്മാസത്തിൽ ചിപ്ചാപ് നദിയുടെ താഴ്‌വരയിൽ ഇന്ത്യ ഒരു താവളം സ്ഥാപിച്ചപ്പോൾ ഇന്ത്യൻ പോസ്റ്റുകളെ ചൈനീസ്‌ സേന വളഞ്ഞു. പിന്മാറാൻ വെസ്റ്റേൺ കമാൻഡ് അനുമതി തേടിയെങ്കിലും ഉറച്ചുനിൽക്കാനായിരുന്നു ഹെഡ്ക്വാർട്ടേഴ്സിന്റെ നിർദേശം. ചൈനീസ്‌ സേന കൂടുതൽ നടപടികൾക്ക് മുതിരാതെ പിൻവാങ്ങുകയും ചെയ്തു. ഇന്ത്യൻ സൈന്യത്തെ ചൈന ആക്രമിക്കില്ല എന്ന ഹെഡ്ക്വാർട്ടേഴ്സിന്റെ മൂഢവിശ്വാസം ഇതോടെ കൂടുതൽ ശക്തമാവുകയും ചെയ്തു.

തുടര്ന്നും ‘മുന്നേറ്റനയം’ മുന്നോട്ടുതന്നെ പൊയ്ക്കൊണ്ടിരിക്കെ ജൂലായിൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ സ്ഥാപിച്ച പോസ്റ്റ്‌ അവിടെയുണ്ടായിരുന്ന ചൈനീസ് ഔട്പോസ്റ്റിനെ പിറകോട്ടു തള്ളിമാറ്റുകയും സാംസങ്ലിംഗിലെ വലിയൊരു സ്റ്റേഷനുമേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു ഇവിടെയും വെസ്റ്റേൺ കമാന്റ് പോസ്റ്റ്‌ സ്ഥാപിക്കുന്നതിനെ എതിർത്തെങ്കിലും ഹെഡ്ക്വാർട്ടേഴ്‌സ് ഉറച്ച തീരുമാനത്തിലായിരുന്നു. ഇരുപക്ഷത്തുനിന്നും നയതന്ത്രപ്രതിനിധികൾ പ്രതിഷേധമറിയിച്ചശേഷം പെട്ടെന്ന് ഇന്ത്യൻ പോസ്റ്റിനെ വളഞ്ഞ ചൈനീസ്‌ സൈന്യം പോസ്റ്റ്‌ ആക്രമിച്ചു നശിപ്പിക്കുമെന്ന പ്രതീതി ജനിപ്പിച്ചു.ചൈന അക്രമണോല്സുകമായ സമീപനം തുടർന്നാൽ ഇന്ത്യൻ സേന വെടിവെക്കാൻ മടിക്കുകയില്ലെന്നു വിദേശകാര്യ മന്ത്രാലയം ചൈനീസ്‌ അംബാസഡറെ അറിയിച്ചതിനെത്തുടർന്ന് അവർ അൽപ്പം പിറകോട്ടു മാറിയെങ്കിലും പോസ്റ്റിനു ചുറ്റും സൃഷ്‌ടിച്ച വലയം നിലനിർത്തി.

സെപ്റ്റംബർ 8 ന് ചൈനീസ് സൈന്യം ധോലയിലെ പോസ്റ്റ്‌ വലയം ചെയ്തു.ഭയന്നുപോയ പോസ്റ്റ് ഇൻചാർജ് ആയിരുന്ന ജൂനിയർ ഓഫീസർ 600 ചൈനീസ്‌ ഭടന്മാർ തഗ്ഗ്ല മലനിര കടന്നുവന്നതായും സാധനങ്ങൾ എത്തിക്കുന്ന പാതയിലെ മരപ്പാലം മുറിച്ചതായും ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്സിലേക്ക് അടിയന്തിര മെസേജ് അയച്ചു. യഥാർത്ഥത്തിൽ 60 ചൈനീസ്‌ പട്ടാളക്കാരെ ഉണ്ടായിരുന്നുള്ളുവെങ്കിലും പെട്ടെന്ന് സഹായം ലഭിക്കാനായി പെരുപ്പിച്ചുകാണിക്കാൻ പോസ്റ്റിന്റെ ഇൻചാർജിന്റെ ഭയവും പരിഭ്രമവും പ്രേരിപ്പിക്കുകയാരിന്നു. ഇതുവിശ്വസിച്ചു കൂടുതൽ സേനയെ അതിർത്തിയിലേക്കയച്ചു അക്രമണോല്സുകമായ നിലപാടെടുത്തതോടെ ഇന്ത്യൻ സൈന്യത്തിന് അവിടെനിന്നും പിന്മാറാനോ ഒഴിഞ്ഞുമാറാനോ പറ്റാത്ത അവസ്ഥയിലുമായി.

സെപ്റ്റംബറിൽ ചൈന ഈ നീക്കം നടത്തുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി, ധനമന്ത്രി, പ്രതിരോധമന്ത്രി എന്നിവരെല്ലാം ഔദ്യോഗികാവശ്യത്തിനായി ഇന്ത്യക്ക് പുറത്തായിരുന്നു. മുന്നേറ്റനയം നടപ്പിലാക്കുന്നതിന്റെ ചുമതല ഏറ്റെടുത്ത കൗൾ, 7 ബ്രിഗേഡിന്റെ കമാന്റർ ബ്റിഗേഡിയർ ഡാൽവി എന്നിവർ അവധിയിലും 4ഡിവിഷന്റെ ജനറൽ സ്റ്റാഫ്‌ ഓഫീസർ ഒരു കോഴ്സിലും ആയിരുന്നു.

ഒക്ടോബർ 20 ന് പുലർച്ചയോടെ പശ്ചിമമേഖലയിലെയും കിഴക്കൻ മേഖലയിലെയും ഇന്ത്യൻ താവളങ്ങൾക്ക് നേരെ ചൈനീസ് സേന പൊടുന്നനെ അക്രമണമാരംഭിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ അവർക്ക് ഇന്ത്യൻ താവളങ്ങൾ എളുപ്പത്തിൽ തന്നെ പിടിച്ചെടുക്കാനായെങ്കിലും ഇന്ത്യൻ പട്ടാളക്കാർ വളരെ ധീരമായി ചെറുത്തു നിൽക്കാൻ ശ്രമിച്ചിരുന്നു. എണ്ണത്തിലും ആയുധശേഷിയിലും ഏറെ മുൻപന്തിയിലായിരുന്ന ശത്രുവിന് നേരെ അവർ അവസാന ഭടനും വീഴുന്നത് വരെ പോരാടാനുറച്ചു. ആകെയുള്ള ആയുധമായ റൈഫിളിലെ വെടിയുണ്ട തീർന്ന നിസ്സഹായാവസ്ഥയിൽപ്പോലും ബയണറ്റ് വരെ ആയുധമാക്കി അവർ ശത്രുവിനെ നേരിടാനിറങ്ങി. ധോലയിലെ നാലുബറ്റാലിയനുകളിലും ഇന്ത്യൻ സായുധസേനയുടെ കുലീനമായ പാരമ്പര്യം പിന്തുടർന്ന കമ്പനി കമാന്റർമാർ സൈനികരുടെ മുന്നിൽനിന്ന് നയിച്ച്‌കൊണ്ട് മരണമേറ്റുവാങ്ങി. ഒരേ ഒരാളൊഴികെ മറ്റെല്ലാ കമ്പനി കമാന്റരുമാരടക്കം നാലുബറ്റാലിയനുകളും ഏറെക്കുറെ നാമാവശേഷമായി. രണ്ടു ബറ്റാലിയൻ കമാൻഡിങ് ഓഫീസർമാരും യുദ്ധാരംഭം വരെ ജാഗ്രതയോടെ പ്രവർത്തിച്ചിരുന്ന ബ്രിഗേഡിയർ ഡാൽവിയും ചൈനീസ്‌ ആർമിയുടെ പിടിയിലകപ്പെട്ടു.

ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖ കടന്നു ഇന്ത്യ സ്ഥാപിച്ച പോസ്റ്റുകൾ പൂർണ്ണമായും ചൈനയുടെ അധീനതയിലായി എന്ന് മാത്രമല്ല 1960 ൽ വരച്ച മാപ്പിലൂടെ അവർ അവകാശപ്പെട്ട പ്രദേശങ്ങളിൽ ചുഷൂൽ സെക്ടർ ഒഴികെ എല്ലാ ഭൂപ്രദേശങ്ങളും അവർ പിടിച്ചടക്കി.

ഒക്ടോബർ 24ന് ശേഷം യുദ്ധത്തിൽ നിലനിന്ന മാന്ദ്യം അവസാനിപ്പിച്ചുകൊണ്ട് നവംബർ 14 ന് നേഫയുടെ കിഴക്കേ അറ്റത്തുള്ള വാലോങ് സെക്റ്ററിൽ ഇന്ത്യൻ സേന ആക്രമണം നടത്തി ചൈനക്ക് കനത്ത നഷ്ടമുണ്ടാക്കിയെങ്കിലും മികച്ച ആയുധബലത്തിന്റെ പിന്തുണയുണ്ടായിരുന്ന അവരെ ഒഴിപ്പിക്കാൻ ആയില്ല. അന്ന് തന്നെ വാശിയോടെ തിരിച്ചാക്രമിച്ച ചൈനക്കാർക്കുമുന്നിൽ നിന്ന് ഇന്ത്യൻആർമിക്ക് പിൻവാങ്ങി തുടങ്ങേണ്ടി വന്നു. ഇന്ത്യൻ സൈന്യം ധീരതയോടെ പൊരുതിയെങ്കിലും വെടിക്കോപ്പുകളുടെ കുറവ്മൂലം ഉണ്ടാക്കിയ നേട്ടം നിലനിർത്താനായില്ല

ടിഞ്ഞാറ് ചുശൂലിന്റെ സംരക്ഷണത്തിന് പ്രധാനമായ രണ്ടു താവളങ്ങൾ ആയിരുന്നു ഗുരുങ് ഹില്ലും റിസാങ്ലായും. യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിൽ ചൈനീസ്‌ സേന ഈ രണ്ടു താവളങ്ങളെയും ആക്രമിച്ചു. ഗുരുങ്ഹില്ലിലെ ചൈനീസ്‌ ആക്രമണത്തെ 1/8ഗൂർഖാസിലെ രണ്ടു കമ്പനികൾ സമർത്ഥമായി ചെറുത്ത് തോൽപ്പിച്ചു. നേരത്തെ വ്യോമസേന വായുമാർഗ്ഗം എത്തിച്ച ടാങ്കുകളും പീരങ്കികളുമെല്ലാം ഫലപ്രദമായി ഉപയോഗിക്കപ്പെട്ട സംഘട്ടനത്തിൽ ഗൂർഖാസിന് മികച്ച അധിപത്യമുണ്ടായിരുന്നെങ്കിലും കനത്ത ആൾനാശമുണ്ടായതിനാൽ നവംബർ 19-20രാത്രി ഇവിടെനിന്നും പിന്മാറാൻ തീരുമാനിച്ചു. യന്ത്രത്തോക്കുകളുടെ സംരക്ഷണയിൽ വേണ്ടത്ര തയ്യാറെടുപ്പുകളോടെയുള്ള പിന്മാറ്റം ആയിരുന്നതിനാൽ കിഴക്കന്മേഖലയിലെപ്പോലെ പിൻവാങ്ങുന്ന സന്യത്തിനുപിറകേ ചെല്ലാൻ ചൈന ശ്രമിച്ചില്ല അല്ലെങ്കിൽ ധൈര്യം കാണിച്ചില്ല.

അതുപോലെ റിസാങ്ലയിൽ കൂറ്റൻ ചൈനീസ്‌ സൈന്യത്തെ നേരിടാൻ ഉണ്ടായിരുന്നത് മേജർ ഷൈത്താൻ സിംഗിന്റെ നേതൃത്വത്തിലുള്ള 112പേരുള്ള 13കുമയൂൺ ബറ്റാലിയന്റെ C കമ്പനി ആയിരുന്നു. കയ്യിലെ ആയുധത്തേക്കാൾ ഉപരി മനക്കരുത്തിന്റെ ബലത്തിൽ പൊരുതിയ ഇവിടുത്തെ ധീരജവാന്മാർ ചൈനീസ്‌ ഭാഗത്തു അഞ്ഞൂറിനും ആയിരത്തിനും ഇടക്ക് ആൾനാശമുണ്ടാക്കി. ഒടുവിൽ ആക്രമണം കെട്ടടങ്ങുമ്പോൾ 112 അംഗ കമ്പനിയിൽ അവശേഷിച്ചിരുന്നത് കേവലം 14 ജവാന്മാരായിരുന്നു. ചൈന യുദ്ധമെന്ന കറുത്ത അധ്യായത്തിനിടയിലും ഇന്ത്യൻ ആർമിയുടെ ചരിത്രത്തിന് പൊൻതൂവലായ ഈ പ്രതിരോധത്തിന് നേതൃത്വം നൽകിയ മേജർ ഷെയ്ത്താൻ സിംഗിന്റെ മൃതദേഹം കണ്ടെടുത്തത് തന്റെ മെഷീൻ ഗണ് നെഞ്ചോടു ചേർത്തു പിടിച്ച നിലയിലായിരുന്നു. ഈ വീര്യത്തിനു മുന്നിൽ ശിരസ്സുകുനിച്ചുകൊണ്ടാകണം ഇവിടുത്തെ പട്ടാളക്കാരുടെ മൃതദേഹങ്ങളെ ചൈനീസ്‌ പട്ടാളക്കാർ ഷീറ്റ് കൊണ്ടു മൂടി ഷീറ്റ് ബയണറ്റ് കൊണ്ട് ഉറപ്പിച്ചു നിർത്തിയിരുന്നു.

കിഴക്കിൽ ആസാമിന്റെ പടിവാതിൽക്കൽ ചൈനീസ്‌ സൈന്യം എത്തി നിൽക്കെ ഇന്ത്യ അമേരിക്കയുടെ സഹായം അഭ്യർത്ഥിച്ചു ഒരു അമേരിക്കൻ വിമാനവാഹിനിക്കപ്പൽ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങി. C130ടര്ബോജെറ്റ് വിമാനങ്ങളുടെ ഒരു ശ്രേണി ഉടൻ തന്നെ ഇന്ത്യയിൽ എത്തുകയും ചെയ്തു. എന്നാൽ അത്രയും നാൾ മേനിനടിച്ചിരുന്ന ഇന്ത്യൻ നയതന്ത്രജ്ഞതയുടെ മുഖത്തടിച്ചുകൊണ്ട് മുൻപ് താൻ മുന്നോട്ടു വച്ച അതേ ഉപാധികളോടെ ഏവരെയും ഞെട്ടിച്ചുകൊണ്ട് 1962നവംബർ 21 ന് വെടിനിർത്തൽ പ്രഖ്യാപിച്ചതായി പീക്കിങ് റേഡിയോയിലൂടെ ചൈന ഏകപക്ഷീയമായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published.