November 17, 2020

അതിരപ്പള്ളി ഇല്ലാതാകുമോ ?

ആതിരപ്പള്ളി വീണ്ടും വാർത്തകളിൽ നിറയുകയാണ്.അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കു പാരിസ്ഥിതിക അനുമതി ലഭിച്ചിരിക്കുകയാണ്.കേരളം ഭരിച്ചിരുന്ന എല്ലാ സർക്കാരുകളും നടപ്പാക്കാൻ നോക്കി പരാജയപ്പെട്ട പദ്ധതിയാണിത്.അറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് വൈദ്യുതി ബോര്‍ഡ് ഒരു സര്‍വ്വെ നടത്തി.സര്‍വ്വെ നടത്തിയെങ്കിലും പദ്ധതി വെള്ളച്ചാട്ടത്തെ ബാധിക്കും എന്ന വാദത്തെ തുടർന്നു ഉപേക്ഷിക്കുകയായിരുന്നു.
അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പാക്കേണ്ടിയിരുന്ന ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് പിന്നീട് എന്താണ് സംഭവിച്ചത് ?

അതിരപ്പള്ളി വെള്ള ചാട്ടം ഇല്ലാതാവും, ചാലക്കുടി പുഴ ഒഴുക്ക്‌ നിലച്ച് മരിക്കും, പെരിങ്ങൽ കുത്തിൽ ഉള്ള ജലം മാത്രമേ ‌ അതിരപ്പള്ളിയിൽ എത്തുകയുള്ളു, വൻ തോതിൽ കുടി ഒഴുപ്പിക്കൽ വേണം, വലിയ തോതിൽ വനനശീകരണം സംഭവിക്കും, പെരിങ്ങൽകുത്ത്‌ ഡാം നിറയുബോൾ അധിക ജലം ജൂൺ മുതൽ നവംബർ വരെ ഇടമലയാറിലേക്ക്‌ ഒഴുക്കുന്നത്‌ നിറുത്തും, അത്‌ പെരിയാറിലെ ഒഴുക്കിനെ ബാധിക്കും തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ചാണ് പ്രകൃതി സ്നേഹികളും പരിസ്ഥിതി പ്രവർത്തകരും പദ്ധതിയെ എതിർക്കുന്നത്.

പിന്നീട് ഇത് സംബ്ബന്ധിച്ച് പുനര്‍ചിന്തനം നടക്കുകയും പരിസ്ഥിതി- സുസ്ഥിര വികസന വിദഗ്ധന്‍‍ ഡോക്ടര്‍ കെ.രവി യുടെ നേതൃത്വത്തിൽ പരിസ്ഥിതി ആഘാത പഠനം നടത്തി ഈ ആശങ്കകൾക്ക് ഒക്കെ കൃത്യമായ വിശദീകരണം നൽകുകയും ഉണ്ടായി.

ചാലക്കുടി പുഴയിലെ ഷോളയാർ, പെരിങ്ങൽ കൂത്ത്‌ ഡാമുകളിൽ നിന്ന് വൈദ്യുതി ഉൽപാദനത്തിന്‌ ശേഷം അതിരപ്പള്ളി വഴി കടലിലേക്ക്‌ ഒഴുകിപ്പോകുന്ന ജലത്തിൽ നിന്ന് വൈദ്യതി ഉൽപാദനം ലക്ഷ്യമിടുന്നതാണ്‌ അതിരപ്പള്ളി പദ്ധതി. വാഴച്ചാൽ വെള്ളചാട്ടത്തിന്‌ 400 മീറ്റർ മുകളിലായി ഒരു ഡാം പണിത്‌ വെള്ളം സംഭരിച്ച്‌ രണ്ട്‌ രീതിയിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയാണിത്. ഡാമിന്‌ തൊട്ടുതാഴെ പവർ പ്ലാന്റിൽ വൈദ്യുതി ഉൽപാദിപിച്ച്‌ അതിരപ്പിള്ളി വെള്ളചാട്ടത്തിലേക്ക്‌ ജലം ഒഴുക്കും, ടണൽ വഴി കൊണ്ടുവന്ന് മറ്റൊരു സ്ഥലത്ത്‌ വൈദ്യുതി ഉൽപാദിപിച്ച് തിരികെ ചാലക്കുടി പുഴയിലേക്ക്‌ തന്നെ ജലം ഒഴുക്കുന്നു.അണക്കെട്ടില്‍ തടഞ്ഞുനിര്‍ത്തുന്ന ജലം പകല്‍ സമയം തുറന്നുവിട്ട് വെള്ളച്ചാട്ടം നിലനിര്‍ത്താന്‍ കഴിയും.

ഇപ്പോള്‍ ഊര്‍ജ്ജം അധികമായി ഉത്പ്പാദിപ്പിച്ച് അന്യരാജ്യങ്ങള്‍ക്ക് വില്‍പ്പന നടത്തുന്ന ഇന്ത്യയില്‍ വേറിട്ട് നില്‍ക്കുന്ന സംസ്ഥാനമായി നമ്മള്‍ മാറി. ഇവിടെ ആകെ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്‍റെ പത്ത് ശതമാനമെ സംസ്ഥാനം ഉത്പ്പാദിപ്പിക്കുന്നുള്ളു .ബാക്കി തൊണ്ണൂറ് ശതമാനവും വലിയ വില കൊടുത്ത് വാങ്ങുകയാണ്. വിലയ്ക്ക് വൈദ്യുതി ലഭ്യമാകാന്‍ തടസ്സമുണ്ടാകുമ്പോള്‍ ഇരുന്നു വിയര്‍ക്കാനും ഉള്ള വ്യവസായങ്ങള്‍ പൂട്ടിയിടാനുമെ കഴിയുകയുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം. മറ്റൊരു യാഥാര്‍ത്ഥ്യം കൂടി പദ്ധതിയെ എതിര്‍ക്കുന്നവര്‍ കാണാതെ പോകുന്നു. ഇപ്പോള്‍ മാര്‍ച്ച് മുതല്‍ മെയ് വരെ വറ്റി വരളുന്ന വെള്ളച്ചാട്ടത്തെ പദ്ധതി വന്നാല്‍ മുഴുവന്‍ കാലവും നിലനില്‍ക്കുന്നവിധത്തില്‍ ആവിഷ്ക്കരിക്കാന്‍ കഴിയും എന്നതാണത്.

നമുക്ക് മുന്നില്‍ ഒരൊറ്റ ചോദ്യമെ ബാക്കിയുള്ളു, കേന്ദ്രം രണ്ട് വട്ടം പാരിസ്ഥിതികാനുമതി നല്‍കിയ പദ്ധതിയുമായി മുന്നോട്ടു പോവുകയും വെള്ളച്ചാട്ടം വര്‍ഷം മുഴുവന്‍ നിലനിര്‍ത്തുകയും വൈദ്യുതി ക്ഷാമത്താല്‍ നട്ടംതിരിയുന്ന കേരളത്തിന് നാമമാത്രമായ വനനഷ്ടത്തിലൂടെ 163 മെഗാവാട്ട് വൈദ്യുതി നേട്ടമുണ്ടാക്കുകയും ചെയ്യണമോ അതോ അനാവശ്യ ചര്‍ച്ചകളിലൂടെയും വിവാദങ്ങളിലൂടെയും ഇനിയും മുന്നോട്ട് പോകണമോ എന്നതാണാ ചോദ്യം.

Leave a Reply

Your email address will not be published.