November 17, 2020

ചൊരിമണലിൽ വിരിഞ്ഞ ഹരിതവിപ്ലവം

ചൊരിമണൽ ഗ്രാമം എന്നാണ് ചേർത്തലയെ മൊത്തത്തിൽ അറിയപ്പെടുന്നത്. വെളുത്ത നിറമുള്ള പശിമ ഇല്ലാത്ത മണ്ണ്. വെള്ളം ഒഴിച്ചാൽ അപ്പോൾ തന്നെ ഇറങ്ങി പോകുന്ന പ്രകൃതം.ഉച്ച വെയിൽ മൂക്കുന്ന സമയത്തു ചെരുപ്പില്ലാതെ മണ്ണിൽ ഇറങ്ങി നടന്നാൽ കാൽ പൊള്ളുന്ന കാലാവസ്ഥ.തെങ്ങും മരങ്ങളും ഒന്നും ഇല്ലാതെ നീണ്ടു കിടക്കുന്ന വെളി പ്രദേശമായിരുന്നു ഒരു കാലത്തു ചേർത്തല. കർഷക തൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങി നിറഞ്ഞ ഗ്രാമങ്ങൾ.ചേർത്തല തെക്കും, വടക്കും,തണ്ണീർമുക്കവും കഞ്ഞിക്കുഴിയും മുഹമ്മയും ചേർത്തല നഗരസഭയും ഒക്കെ ഉൾപ്പെടുന്ന ഒരു നീണ്ട പ്രദേശം. കരപ്പുറം എന്ന വിളിപ്പേരിൽ കൂടിയാണ് ഈ പ്രദേശങ്ങൾ അറിയപ്പെടുന്നത്. ചരമംഗലവും പെരുന്തുരുത്തും ഒക്കെ ഉൾപ്പെടുന്ന പ്രദേശം. വിപ്ലവ പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണ്.

ഇതിൽ എടുത്തു പറയേണ്ട ഒരു പഞ്ചായത്താണ് കഞ്ഞിക്കുഴി. വര്ഷങ്ങളോളം പ്രതിപക്ഷമില്ലാതെ ഇടതു പക്ഷം ഭരണം കയ്യാളിയ ഒരു പഞ്ചായത്തു. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ പഞ്ചായത്തിന്. കേരളം ഇന്ന് ഏറ്റെടുത്തിരിക്കുന്ന ജനകീയ പച്ചക്കറി കൃഷിയുടെ തുടക്കം ഇട്ട പഞ്ചായത്തു എന്നതാണ് ആ പ്രത്യേകത.നേരത്തെ പറഞ്ഞ പോലെ ചൊരിമണൽ നിറഞ്ഞ കഞ്ഞിക്കുഴിയിൽ ജനകീയ ഹരിത വിപ്ലവമാണ് ഉണ്ടായതു.തൊണ്ണൂറുകളുടെ തുടക്കത്തിൽ കഞ്ഞിക്കുഴി എന്ന കൊച്ചു ഗ്രാമത്തിൽ അന്നത്തെ പഞ്ചായത്തു പ്രസിഡണ്ട് പി പി സ്വാതന്ത്ര്യം മുൻകൈ എടുത്തു തുടക്കമിട്ട പദ്ധതി. കൊയ്തൊഴിഞ്ഞ നെൽപ്പാടങ്ങളിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ ഉൽപ്പാദിപ്പിച്ചു മാത്രം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ജനതയ്ക്കു വിത്തും വളവും മറ്റു സഹായങ്ങൾ ഒക്കെ ചെയ്തു എല്ലാ വീട്ടിലും പച്ചക്കറികൾ എന്ന ആശയം മുന്നോട്ടു വച്ചതു പി പി എസ് എന്ന് വിളിപ്പേരുള്ള പി പി സ്വാതന്ത്ര്യം ആയിരുന്നു.

പി പി സ്വാതന്ത്ര്യം

ചെറിയ പായ്ക്കറ്റുകളിൽ ചീരയും വെണ്ടയും പയറും വെള്ളരിയും പാവലും പടവലവും ഒക്കെ നല്ലയിനം വിത്തുകളായി ഓരോ വീടുകളിലും എത്തി.വളർന്നു വന്ന പച്ചക്കറികൾക്ക് വളവും സൗജന്യമായി എത്തി. ദിവസ്സവും രണ്ടും മൂന്നും നേരവും ഒക്കെ വെള്ളം ഒഴിച്ചില്ല എങ്കിൽ കരിഞ്ഞു പോകുന്ന പച്ചക്കറി തൈകളെ നന്നായി പരിപാലിച്ചു വളർത്തി.കഞ്ഞിക്കുഴി കൃഷിഭവനും പഞ്ചായത്തും ഒരുമിച്ചു നിന്നുകൊണ്ട് ഈ പ്രവർത്തനങ്ങളെ മുന്നോട്ടു നയിച്ച്. അതോടൊപ്പം സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും ഉണ്ടായി.കഞ്ഞിക്കുഴിയിലെ പാരമ്പരാഗതരായ കർഷകരും പഞ്ചായത്തും കൃഷിഭവനും ഒക്കെ അണിചേർന്നപ്പോൾ ചൊരിമണലിൽ ഹരിത വിപ്ലവം ഉണ്ടാകുവാൻ തുടങ്ങി.അന്ന് കേരളത്തിന് ഒട്ടും പരിചിതമല്ലാതിരുന്ന ഈ ഒരു രീതി കഞ്ഞിക്കുഴിക്ക് പുറത്തും ചർച്ചയാകാൻ തുടങ്ങി. അടുക്കള തോട്ടം എന്നതിൽ ഉപരി വീട്ടു തോട്ടം എന്നതായിരുന്നു അന്നത്തെ ആശയം. വീടുകളിൽ ഉപയോഗിച്ച് കഴിഞ്ഞും പച്ചക്കറികൾ മിച്ചമുണ്ടായി. അത് ആളുകൾക്ക് ഒരു വരുമാന മാർഗം കൂടിയായി.

ഇതിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം പി പി എസ് എന്ന കഞ്ഞിക്കുഴി പഞ്ചായത്തു പ്രസിഡണ്ട് ന്റെ ദീർഘ വീക്ഷണം കൂടിയാണ്. അദ്ദേഹവും സ്വന്തമായി വീട്ടിൽ ധാരാളം കൃഷി ചെയ്തു പ്രവർത്തനങ്ങൾക്കു മാതൃക കാണിച്ചു കൊടുത്തു. തികച്ചും അഴിമതി രഹിതനായ ജനകീയനായ ഒരു വ്യക്തികൂടിയായിരുന്നു പി പി എസ് .രാവിലെ അദ്ദേഹത്തെ കാണുവാൻ വീട്ടിൽ ചെല്ലുന്നവർക്കു കാര്യങ്ങൾ പറയുവാൻ അദ്ദേഹത്തിന് പിറകെ നടക്കേണ്ടി വരുമായിരുന്നു.കാരണം മറ്റൊന്നുമല്ല ഒരു തൂക്കു കുടവുമായി കുളത്തിൽ നിന്നും വെള്ളം കോരി കൊണ്ട് വന്നു സ്വന്തം പച്ചക്കറിക്ക് ഒഴിക്കുന്ന തിരക്കിൽ ആയിരിക്കും അദേഹം.ആഹ്വാനം ചെയ്യുക മാത്രമല്ല സ്വന്തമായി അത് ചെയ്തു മാതൃക കാണിക്കുക കൂടി ചെയ്തിരുന്നു അദ്ദേഹം.കഞ്ഞിക്കുഴിയുടെ ഈ പ്രശസ്തി കേട്ടറിഞ്ഞു മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ആളുകളും ഇതിനെ കുറിച്ച് മനസ്സിലാക്കുവാൻ അങ്ങോട്ടേയ്ക്ക് എത്തി തുടങ്ങി. ഓരോ വർഷവും കൂടുതൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പച്ചക്കറി കൃഷി വ്യാപിക്കുവാൻ തുടങ്ങി.കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിൽ വേനൽക്കാല പച്ചക്കറി കൃഷിയും തകൃതിയായി നടന്നു. വിളവ് വിറ്റഴിക്കുവാനുള്ള മാർഗങ്ങളും പഞ്ചായത്തു ഏർപ്പെടുത്തുകയുണ്ടായി. കഞ്ഞിക്കുഴി ഒരു ഹരിത ഗ്രാമമായി പതിയെ മാറുവാൻ തുടങ്ങി.

അങ്ങനെയിരിക്കുന്ന സന്ദർഭത്തിലാണ് ഏറ്റവും നല്ല പഞ്ചായത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫി കഞ്ഞിക്കുഴിയെ തേടിവരുന്നത്. ആദ്യത്തെ സ്വരാജ് ട്രോഫി കഞ്ഞിക്കുഴിയെ തേടി വന്നതങ്ങനെയാണ്. 1995 ലാണ് പഞ്ചായത്തിന് കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തു എന്ന ബഹുമതി ലഭിക്കുന്നത്. ആ ഒരു അംഗീകാരം കഞ്ഞിക്കുഴിയെ കൂടുതൽ കരുത്തുറ്റതാക്കി. പച്ചക്കറി മേളകളും സെമിനാറുകളും പുതിയ അറിവുകൾ പങ്കിടുന്ന പരിപാടികളും ഒക്കെ ആയി കഞ്ഞിക്കുഴി അങ്ങനെ വളരാൻ തുടങ്ങി.കഞ്ഞിക്കുഴി മോഡൽ എന്ന ഒരു പദപ്രയോഗം ആലപ്പുഴ ജില്ലയ്ക്കു പുറത്തേയ്ക്കു കൂടി വളരുവാൻ തുടങ്ങി. ഈ പ്രയാണങ്ങൾ തുടരുന്നതിനിടയിൽ ആണ് പി പി സ്വാതന്ത്ര്യം എന്ന ജനകീയ പച്ചക്കറിയുടെ ഉപഞ്ജാതാവ് ഹൃദയ സംബന്ധമായ അസുഖം മൂലം 1998 ഇൽ മരണപ്പെടുന്നത്.കഞ്ഞിക്കുഴിയെ സംബന്ധിച്ചു അതൊരു ഷോക്ക് ആയിരുന്നു.

എന്നാൽ അദ്ദേഹം തുടങ്ങി വച്ച ആ കാർഷിക സംസ്കാരം തുടർന്ന് വന്നവർ മുന്നോട്ടു തന്നെ കൊണ്ട് പോയി. അത് പിന്നീട് കഞ്ഞിക്കുഴിക്ക് പുറത്തേയ്ക്കു വളരുകയും മാരാരിക്കുളം മോഡൽ എന്ന പേരിൽ അറിയപ്പെടുവാനും തുടങ്ങി. ഇതിനിടയിൽ കഞ്ഞിക്കുഴി യിലെ കർഷകൻ ശ്രീമാൻ ശുഭകേശൻ കഞ്ഞിക്കുഴി പയർ എന്ന ഒരുതരം പയർ വികസിപ്പിച്ചെടുത്തു. ഒരു മീറ്ററിൽ കൂടുതൽ നീളമുള്ള പയർ ആയിരുന്നു അതിന്റെ പ്രത്യേകത. പതിനഞ്ചു പയർ ഒരു കെട്ടാക്കിയാൽ അത് ഒരു കിലോ യിൽ കൂടുതൽ ഉള്ളതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. വാണിജ്യ അടിസ്ഥാനത്തിൽ ആ പയറിന്റെ വ്യാപനമായിരുന്നു പിന്നെ കഞ്ഞിക്കുഴി കണ്ടത്.അതിനിടയിൽ മാരാരിക്കുളം മോഡലിന് കൂടുതൽ സ്വീകാര്യത വന്നു തുടങ്ങി. തോമസ് ഐസക് നെ പോലെയുള്ള ഒരു നേതാവ് വന്നതും അത് കൊടുത്താൽ ജനകീയമാക്കി.

പച്ചക്കറി കൃഷി അടുത്തുള്ള മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചു. കൃഷി ജനകീയമായി മാറ്റുന്നതിൽ ഈ പദ്ധതികൾ ഒക്കെ മുഖ്യ പങ്കു വഹിച്ചു. കൃഷി എന്നത് ലാഭകരമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് എന്ന് കേരളത്തിന് കാണിച്ചു കൊടുത്തു. പിന്നീട് ആലപ്പുഴയിലെ മറ്റു പഞ്ചായത്തുകളും ഈ മോഡൽ ഏറ്റെടുത്തു തുടങ്ങി. അതിനിടയിൽ കഞ്ഞിക്കുഴി കുറച്ചു കൂടി മുൻകൈ എടുത്തു പച്ചക്കറി എറണാകുളം മാർക്കറ്റിലെയ്ക്ക് എത്തിച്ചു വിൽപ്പന നടത്തുന്ന സ്ഥിതി ഉണ്ടാക്കി.അത് കർഷകർക്ക് കൂടുതൽ സഹായകരമായി.ഉൽപ്പാദനവും വിപണനവും ഒക്കെ ജനകീയമായപ്പോൾ ഇടനിലക്കാരില്ലാതെ ചൂഷണം ഇല്ലാതെ കർഷകരിലേയ്ക് അതിന്റെ ഗുണങ്ങൾ എത്താൻ തുടങ്ങി.

ഇന്നിപ്പോൾ കേരളം എമ്പാടും പച്ചക്കറി കൃഷി വ്യാപിപ്പിക്കുമ്പോൾ നമുക്ക് നന്ദിയോടെ ഓർക്കാൻ പറ്റുന്ന ഒരു വലിയ മാതൃകയാണ് കഞ്ഞിക്കുഴിയുടെ തനതു മാതൃക. കഞ്ഞിക്കുഴിയെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുയും ചെയ്താൽ പൂർണമായും വിജയിപ്പിക്കുവാൻ കഴിയുന്ന ഒന്നാണ് ജനകീയ പച്ചക്കറി കൃഷി. പച്ചക്കറിയിൽ കേരളം ഒരിക്കൽ സ്വയം പര്യാപ്തമായാൽ അന്ന് നമുക്ക് അഭിമാനത്തോടെ ഓർക്കാൻ പറ്റിയ ഒരു പേരുകളാണ് കഞ്ഞിക്കുഴിയും , കഞ്ഞികുഴിയുടെ അമരക്കാരനായിരുന്ന പി പി സ്വത്തനത്തിനെയും.

കഞ്ഞിക്കുഴി തുടക്കമിട്ടു കേരളം ഏറ്റെടുത്തു. അതാണ് സത്യം .

Leave a Reply

Your email address will not be published.