November 17, 2020

തൊണ്ണൂറുകളിലെ ഡിവൈഎഫ് ഐ തിരിച്ചു വന്നുവോ?

ഡി വൈ എഫ് ഐ എവിടെ എന്ന ചോദ്യം പലയിടത്തും നിന്നും കുറച്ചു നാൾ മുന്നേവരെ ഉയർന്നു കേട്ടിരുന്നു . ഇടതുമുന്നണിയുടെ ഭരണത്തിൽ ഇടതു യുവജനസംഘടനകൾ സമര രംഗത്ത് നിന്നൊക്കെ മാറി നിൽക്കുന്ന കാഴ്ച ഇടക്കാലത്തു കണ്ടതിൽ നിന്നാകും അത്തരം ചോദ്യങ്ങൾ ഉയർന്നു കേട്ടത്.പല യൂണിറ്റുകളും നിർജീവമാകുകയോ പേരിനു മാത്രം പ്രവർത്തനം നടത്തുക എന്ന രീതിയിൽ ഒക്കെ മാറിയ അവസരം ഉണ്ടാകുകയും ചെയ്തു. സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്യുന്ന പലതും താഴെത്തട്ടിൽ നടപ്പാക്കാത്ത സ്ഥിതിയും ഉണ്ടായി എന്നതാണ് ഒരുകാലത്തു ഡി വൈ എഫ് ഐ യെ ബാധിച്ച ഏറ്റവും വലിയ പോരായ്മ.

എന്നാൽ എ എ റഹിം ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ വന്നത് ആ പ്രസ്ഥാനത്തിന് ഉണ്ടാക്കിയ മാറ്റം ചെറുതല്ല.ഉറങ്ങിക്കിടന്ന ഡി വൈ എഫ് ഐ യൂണിറ്റുകൾ പതിയെ ആലസ്യത്തിൽ നിന്നും ഉയരാൻ തുടങ്ങി.ഇടതുപക്ഷത്തിന് അത്ര പരിചയമില്ലാത്ത ചാരിറ്റി എന്ന പുതിയ രീതിയിലേക്കു ആണ് ആദ്യമായി സംഘടനാ ഇറങ്ങി ചെന്നത്. മെഡിക്കൽ കോളേജുകളിൽ ഉച്ച ഭക്ഷണ വിതരണം എന്ന ചാരിറ്റി ആണ് തുടക്കമിട്ടത്. ഒരു ഇടതു സംഘടന ചെയ്യേണ്ട ഒന്നല്ല അത്തരം ചാരിറ്റി എന്ന് അത്തരം അവസ്ഥകൾ ഇല്ലാതാക്കുവാൻ വേണ്ടി പോരാടുകയാണ് വേണ്ടതെന്നുമുള്ള വിമർശനങ്ങൾ പലകോണുകളിൽ നിന്നും ഉയർന്നു വന്നു. എന്നാൽ കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലും താലൂക്ക് ആശുപത്രികളിലും ഒക്കെ പൊതിച്ചോർ വിതരണം ചെയ്തു കൊണ്ടാണ് അവർ മുന്നേറിയത്.

ഇത് മൂലം ഡി വൈ എഫ് ഐ ക്കു ഉണ്ടായ ഒരു ഗുണം അവരുടെ അതാഴെ തട്ടിലെ സംഘടന പ്രവർത്തനം മെച്ചപ്പെട്ടു എന്നതാണ് .വീടുകൾ കയറിയിറങ്ങി പൊതിച്ചോർ ശേഖരിച്ചത് വഴി നാടുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുവാൻ കഴിഞു. കക്ഷി രാഷ്ട്രീയ ഭേദമന്യേ ആളുകൾ ആ പദ്ധതിയിൽ പങ്കാളികൾ ആയതു സാമൂഹികമായി ഡി വൈ എഫ് ഐ യെ വളർത്തി എന്നതാണ് ശരി. രാഷ്ട്രീയമായി വളർന്നു എന്നത് ചോദ്യ ചിഹ്നമായി കിടക്കുന്നുണ്ട്. എങ്കിലും ഏവരാലും സർവാത്മനാ ആ പരിപാടി സ്വാഗതം ചെയ്യപ്പെട്ടു എന്ന് കാണാം.ഈ കോവിഡ് കാലത്തു പൊതിച്ചോർ വിതരണം നിർത്തി വച്ച് എന്നതൊഴിച്ചാൽ ഒരു ദിവസ്സം പോലും മുടക്കം കൂടാതെ ആവശ്യക്കാരിൽ എത്തിക്കുവാൻ കഴിഞ്ഞു എന്നതിൽ അവർക്കു അഭിമാനിക്കാം.

പിന്നീട് പല പരിപാടികളൂം ,പ്രളയ സമയത്തും മറ്റും ചെയ്യുവാൻ ഉണ്ടായിരുന്നു എങ്കിലും മറ്റു സംഘടനകളും ഒപ്പത്തിനൊപ്പം ഉണ്ടായിരുന്നു എന്നത് ഡി വൈ എഫ് ഐ യെ പ്രത്യേകം എടുത്തു പറയത്തക്ക പ്രവർത്തികളിൽ അഭിനന്ദിക്കേണ്ട ഒന്നും ഉണ്ടായിരുന്നില്ല.

കോവിഡ് കാലത്തും ആ പ്രസ്ഥാനം കൂടുതൽ വീടുകളിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട്. ആദ്യത്തെ പദ്ധതി വീടുകളിലെ പഴയ സാധനങ്ങൾ ശേഖരിക്കുക എന്നതായിരുന്നു. റീസൈക്കിൾ കേരള എന്ന പേരിൽ അറിയപ്പെട്ട ആപദ്ധതിയിൽ സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവർ പങ്കെടുത്തതായി കാണാം.പഴയ പത്രക്കടലാസ്സുകൾ, പഴയ ബൈക്ക്.സൈക്കിൾ മുതൽ എല്ലാ സാധനങ്ങളും യൂണിറ്റ് തലത്തിൽ ശേഖരിക്കപ്പെട്ടു. ആ സാധനങ്ങൾ വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവനയായി നൽകും എന്നാണ് നേതൃത്വം പറയുന്നത്. നല്ലൊരു തുക അങ്ങനെ കളക്ട് ചെയ്യുവാനായി എന്നാണ് അറിയാൻ കഴിയുന്നത്. മഴക്കാല ശുചീകരണ പ്രവർത്തനം കൂടി അതിനൊപ്പം നടത്തുവാൻ അവർക്കു സാധിച്ചിട്ടുണ്ട്.

പൊതുവിദ്യഭ്യാസം എന്നത് ഈ കോവിഡ് കാലത്തു താത്കാലികമായി എങ്കിലും ഓൺലൈനിലേയ്ക്ക് മാറിയപ്പോൾ അവിടെയും ഡി വൈ എഫ് ഐ സഹായ ഹസ്തവുമായി എത്തിയിട്ടുണ്ട്. ടി വി യും ഫോണും ഒന്നും ഇല്ലാത്ത പാവപെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് അവ എത്തിച്ചു കൊടുക്കുന്ന പ്രവർത്തനത്തിലാണ് അവർ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖർ പലരും അതിലേയ്ക്ക് ടി വി യും മറ്റു ഉപകരണങ്ങളും വാങ്ങി നൽകുകയും ചെയ്യുന്നുണ്ട്.ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഡി വൈ എഫ് ഐ യുടെ യൂണിറ്റ് തലം മുതൽ മുകളിലോട്ടു ഊർജസ്വലരാകാൻ സഹായിച്ചു എന്ന് വേണമെങ്കിൽ പറയാം. കേരളമെമ്പാടും നടക്കുന്ന ഈ പ്രവർത്തനങ്ങളിൽ നിന്നും ഒരു യൂണിറ്റിന് പോലും വിട്ടുനിൽക്കാൻ സാധിക്കില്ല എന്നത് സംഘടനാപരമായി ഡി വൈ എഫ് ഐ ക്കു ഗുണം ചെയ്തിട്ടുണ്ട്.

ഒരുകാലത്തു ഒരു പ്രത്യേക പ്രായത്തിൽ ഉള്ള ആളുകളുടെ മാത്രം സംഘടനായി ഒതുങ്ങി പോകുകയും പുതിയ തലമുറ അകന്നു നിൽക്കുകയും ചെയ്തിരുന്ന അവസ്ഥയിൽ നിന്നും കൗമാരക്കാർ ആവേശത്തിൽ നാട്ടിൻ പുറങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുന്ന ആ പഴയ സംഘടനയായി വീണ്ടും ഡി വൈ എഫ് ഐ മാറാൻ സഹായിച്ചത് ഇതുപോലെ ഉള്ള മാസ് ക്യാമ്പയിനുകൾ ആണ് .സോഷ്യൽ മീഡിയ യിൽ സജീവമായി ഇടപെടുന്ന ഡി വൈ എഫ് ഐ സംസ്ഥാന സെക്രെട്ടറി റഹിം ഈ കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു.സോഷ്യൽ മീഡിയ യുടെ സ്വാധീനം തിരിച്ചറിയുന്ന അപൂർവം ഇടതുനേതാക്കളിൽ ഒരാളാണ് റഹിം. ദിനംപ്രതി സോഷ്യൽ മീഡിയയിൽ റഹിം ചെയ്യുന്ന പോസ്റ്റുകൾക്കു കിട്ടുന്ന സ്വീകാര്യത
കണ്ടെങ്കിലും മറ്റു നേതാക്കൾ പിറകെ എത്തുമായിരിക്കും എന്നാണ് പല രണ്ടാം നിര നേതാക്കളും രഹസ്യമായി പറയുന്നത്.എന്തായാലും ഡി വൈ എഫ് ഐ യുടെ ഗ്രാഫ് ഉയർന്നു തന്നെയാണ് ഇപ്പോൾ നില നിൽക്കുന്നത് എന്ന് കാണാം.

Leave a Reply

Your email address will not be published.