Thu. Oct 17th, 2019

കോഴിക്കോട് നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ രാജ്യത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിരയില്‍ രണ്ടാം സ്ഥാനം

എജൂക്കേഷന്‍ വേള്‍ഡ് എന്ന ഏജന്‍സി തയ്യാറാക്കിയ ഇന്ത്യാ സ്കൂള്‍ റാങ്കിങ്-2019 ലാണ് നടക്കാവ് സ്കൂള്‍ രണ്ടാം സ്ഥാനം കൈവരിച്ചത്. പഠനകാര്യങ്ങളും പാഠ്യേതര പ്രവര്‍ത്തനവും അധ്യാപകരുടെ കാര്യക്ഷമതയും പരിശീലനവും എല്ലാം കണക്കിലെടുത്താണ് ‘സര്‍ക്കാര്‍ ഡേ സ്കൂള്‍’ എന്ന വിഭാഗത്തില്‍ റാങ്ക് നിര്‍ണയിച്ചത്. കഴിഞ്ഞവര്‍ഷം നടക്കാവ് ജി.എച്ച്.എസ്.എസിന് മൂന്നാം സ്ഥാനമായിരുന്നു.

നടക്കാവ് സ്കൂള്‍ കൈവരിച്ച നേട്ടം, എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം പൊതുവിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങളുടെ സൂചനയാണ്. പ്രിസം പദ്ധതിയിലൂടെ ഈ വിദ്യാലയത്തിലെ ഭൗതിക സൗകര്യവും പഠനനിലവാരവും ഉയര്‍ത്താന്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുടെ ഫലമായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം 5.04 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ അധികമായി ചേര്‍ന്നിട്ടുണ്ട്. അത്ഭുതകരമായ നേട്ടമാണിത്. മറ്റൊരു സംസ്ഥാനത്തിനും ഇത്തരമൊരു നേട്ടം അവകാശപ്പെടാനില്ല. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും മക്കള്‍ക്ക് കൂടി നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. അതിന്‍റെ ഗുണഫലങ്ങളാണ് ഇപ്പോള്‍ കാണുന്നത്.

4752 സെക്കന്‍ററി / ഹയര്‍സെക്കന്‍ററി സ്കൂളുകളിലെ 44,705 ക്ലാസ് മുറികള്‍ ഇതിനകം ഹൈടെക്കായി മാറ്റിക്കഴിഞ്ഞു. പ്രൈമറി വിദ്യാലയങ്ങളില്‍ കൂടി നൂതന സാങ്കേതികവിദ്യാ സങ്കേതങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഓരോ സ്കൂളിന്‍റെ ഭൗതികസൗകര്യം വികസിപ്പിക്കുകയാണ്. 5 കോടി രൂപയാണ് ഒരു സ്കൂളിന് അനുവദിക്കുന്നത്. 137 സ്കൂളുകളുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. 31 സ്കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ത്തിയാകാറായി. 3 കോടി രൂപ ചെലവില്‍ മറ്റു 220 സ്കൂളുകളുടെ ഭൗതിക സൗകര്യം കൂടി മെച്ചപ്പെടുത്തുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം, പഠന നിലവാരവും ഉയര്‍ത്തുന്നതിന് ശാസ്ത്രീയമായ പദ്ധതിയാണ് നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *