വിന്‍ഡീസ് പര്യടനം: കോഹ‌്‌ലി നയിക്കും; പാണ്ഡ്യക്ക‌് വിശ്രമം, ധവാന്‍ തിരിച്ചെത്തി
മുംബൈ > അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ‌് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലി നയിക്കുന്ന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം നല്‍കി. പ്രതീക്ഷിച്ചപോലെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി ടീമില്‍ ഇല്ല. രണ്ടുമാസം സൈനികസേവനം നടത്തുന്നതിനാല്‍ വിന്‍ഡീസിനെതിരായ പരമ്ബരയില്‍ ഉണ്ടാകില്ലെന്ന‌് ധോണി സെലക്‌ഷന്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു. ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തുപോയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി.
മുംബൈയില്‍ സെലക‌്ഷന്‍ കമ്മിറ്റി തലവന്‍ എം എസ‌് കെ പ്രസാദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ‌് ടീം പ്രഖ്യാപിച്ചത‌്. പേസര്‍ ജസ്‌പ്രീത് ബുമ്രയ്‌ക്ക‌് ഏകദിന, ട്വന്റി–20 മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചു. സ്‌പിന്നര്‍ രാഹുല്‍ ചഹാര്‍ (ട്വന്റി–20) പേസര്‍ നവ‌്ദീപ് സെയ്‌നി (ട്വന്റി–20, ഏകദിനം) എന്നിവരാണ് പുതുമുഖങ്ങള്‍. മൂന്നുവീതം ട്വന്റി–20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും അടങ്ങിയതാണ് ആഗസ്‌ത് മൂന്നിന് ആരംഭിക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം.
ഋഷഭ് പന്താണ് ധോണിക്ക് പകരക്കാരന്‍. നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ പന്ത് മാത്രമാണ് അംഗീകൃത വിക്കറ്റ് കീപ്പര്‍. ലോകകപ്പ് ടീമിലിടം പിടിച്ച ദിനേശ് കാര്‍ത്തിക്കിന് അവസരം കിട്ടിയില്ല. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. കഴിഞ്ഞവര്‍ഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പരിക്കേറ്റ സാഹ ഒരുവര്‍ഷമായി കളത്തിനു പുറത്താണ്. പന്താണ് ടെസ്റ്റ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. ശാരീരികക്ഷമത വീണ്ടെടുക്കാത്ത വിജയ് ശങ്കറിനെ പരിഗണിച്ചില്ല. ടെസ്റ്റ് ടീം ഓപ്പണര്‍ മുരളി വിജയിക്ക് സ്ഥാനം നിലനിര്‍ത്താനായില്ല. പരിക്കേറ്റ മറ്റൊരു ഓപ്പണര്‍ പൃഥ്വി ഷായും ടീമിലില്ല.
ലോകകപ്പില്‍ മങ്ങിയ മധ്യനിരയില്‍ മാറ്റം വരുത്തി. കാര്‍ത്തിക് പുറത്തുപോയപ്പോള്‍ ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും ഇടംനേടി. ഇന്ത്യന്‍ എ ടീമിനുവേണ്ടി നടത്തിയ മികച്ച പ്രകടനമാണ‌് ഇരുവര്‍ക്കും നേട്ടമായത‌്. എന്നാല്‍, ഇംഗ്ലണ്ടില്‍ മങ്ങിയ കേദാര്‍ ജാദവ‌് അന്തിമ ടീമില്‍ സ്ഥാനംപിടിച്ചു.
ലോകകപ്പ് ടീമില്‍ ശങ്കറിന് പകരമെത്തിയ മായങ്ക് അഗര്‍വാളും ഏകദിന ടീമില്‍ ഇല്ല. ടെസ്റ്റ് ടീമില്‍ കര്‍ണാടകക്കാരന്‍ സ്ഥാനം നിലനിര്‍ത്തി. പ്രതീക്ഷിക്കപ്പെട്ടിരുന്ന ശുഭ‌്മാന്‍ ഗില്ലിന‌് അവസരം കിട്ടിയില്ല.
ട്വന്റി 20
വിരാട് കോഹ്‌ലി (ക്യാപ‌്റ്റന്‍), രോഹിത് ശര്‍മ (വൈസ‌് ക്യാപ‌്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ‌് കീപ്പര്‍), ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്‌ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, നവ്‌ദീപ് സെയ്‌നി.
ഏകദിനം
വിരാട് കോഹ്‌ലി (ക്യാപ‌്റ്റന്‍), രോഹിത് ശര്‍മ (വൈസ‌് ക്യാപ‌്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ‌് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുശ്‌വേന്ദ്ര ചഹാല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്‌ദീപ് സെയ്‌നി.
ടെസ്റ്റ്
വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ (വൈസ‌് ക്യാപ‌്റ്റന്‍), മായങ്ക് അഗര്‍വാള്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത് (വിക്കറ്റ‌് കീപ്പര്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ‌് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, ഉമേഷ് യാദവ്.