യൂത്ത് ലീഗ് മാര്‍ച്ച് അടിച്ചുപിരിഞ്ഞു, പഞ്ഞിക്കിടാന്‍ അണികള്‍; ഹോട്ടലില്‍ അഭയംതേടി നേതാക്കള്‍

മലപ്പുറം > പിഎസ്സി റാങ്ക് പട്ടിക അട്ടിമറിക്കുന്നുവെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് നേതാക്കളും അണികളും തമ്മിലുണ്ടായ രൂക്ഷമായ തര്‍ക്കത്തിലും അസഭ്യവര്‍ഷത്തിലും കൂക്കുവിളിയിലും കലാശിച്ചു. ഉന്തും തള്ളും മൂത്ത് അടിച്ചുപിരിയുമെന്ന ഘട്ടത്തില്‍ നേതാക്കള്‍ തൊട്ടടുത്ത ഹോട്ടലില്‍ കയറി തടിരക്ഷിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നേതാക്കളും എതിര്‍പക്ഷവും ശക്തിതെളിയിക്കാന്‍ പരസ്പരം മത്സരിച്ചതോടെയാണ് മാര്‍ച്ച് പോര്വിളിയിലെത്തി വലിയ നാണക്കേടായത്.
ആവേശം കൈവിട്ട കളിയായതോടെ പൊലീസ് നടപടിയുണ്ടാകുമെന്ന് ഭയന്ന നേതാക്കള്‍ അണികളെ തണുപ്പിക്കാന്‍ മുതിര്‍ന്നതോടെ രംഗം വഷളായി. ആവേശം കാണിച്ചവരുടെ പേര് വിളിച്ചുപറഞ്ഞ് നേതാക്കള്‍ ‘ശകാരിക്കാന്‍’ മുതിര്‍ന്നതോടെ അണികളുടെ മട്ടുമാറി. തട്ടിക്കൂട്ട് സമരത്തിന് വിളിക്കരുതെന്നും ആവേശം വിലക്കരുതെന്നും പറഞ്ഞ് മുദ്രാവാക്യംവിളിച്ച് ഒരുവിഭാഗം നേതൃത്വത്തെ പഞ്ഞിക്കിടാന്‍ വളഞ്ഞു. രംഗം പന്തിയല്ലെന്നുകണ്ട ജില്ലാ പ്രസിഡന്റും സെക്രട്ടറിയും ഹോട്ടലില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. രംഗം ശാന്തമായെന്നുകരുതി പുറത്തിറങ്ങിയ നേതാക്കളെ കുന്നുമ്മല്വരെ പിന്തുടര്ന്ന് ചിലര്‍ കൂവിവിളിച്ചു.
യൂത്ത് ലീഗിന്റെ സംഘടനാ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ പുതിയ ഭാരവാഹികളാകാന്‍ കുപ്പായമിട്ടവരാണ് മാര്‍ച്ചില്‍ അമിതാവേശം വിതറിയതെന്ന് നിലവിലെ നേതാക്കളെ അനുകൂലിക്കുന്നവര്‍ പറഞ്ഞു. അണികളില്‍ ചിലര്‍ അവരുടെ വലയില്‍ കുടുങ്ങിയെന്നും സംഘടനാവിരുദ്ധ പ്രവര്‍ത്തനം വച്ചുപൊറുപ്പിക്കില്ലന്നും ഇവര്‍ പറയുന്നു. എന്നാല്‍, യൂത്ത് ലീഗിന്റെ ജില്ലാ നേതൃത്വം പരാജയമാണെന്ന് മറുപക്ഷം ആരോപിക്കുന്നു. സംസ്ഥാന നേതൃത്വത്തിന്റെ വാക്കുകേട്ട് മന്ത്രി ജലീലിനെ തടയാന്‍ ഇറങ്ങിത്തിരിച്ചിട്ട് സമരം എങ്ങുമെത്താതെ അവസാനിച്ചു. ആളാകാന്‍ ആരോപണമുന്നയിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കേസ് പിന്‍വലിച്ച് തടിയൂരിയപ്പോള്‍ കേസില്‍പ്പെട്ട അണികള്‍ കുടുങ്ങി. നേതാക്കള്‍ക്ക് ആളാകാനും വ്യക്തിവിരോധം തീര്‍ക്കാനും സമരം പ്രഖ്യാപിച്ചിട്ട് എങ്ങുമെത്താതെ അവസാനിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. പോക്സോ കേസില്‍ പ്രതിയായ ജില്ലാ ഭാരവാഹിയെ സംരക്ഷിക്കുന്ന സംഘടന, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ധാര്മികരോഷംകൊള്ളുന്നതില് അര്‍ഥമില്ലന്നും ഇവര്‍ പറയുന്നു.
ആവേശം തണുപ്പിക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നും സമരം അച്ചടക്കത്തോടെ സമാപിച്ചുവെന്നുമാണ് നേതാക്കള്‍ പ്രതികരിച്ചത്. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപിയാണ് മാര്‍ച്ച് ഉദ്ഘാടനംചെയ്തത്. ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്ബാറ, സെക്രട്ടറി കെ ടി അഷ്റഫ് എന്നിവര്‍ സംസാരിച്ചു.