Sat. Aug 24th, 2019

നിപായെ തോല്‍പ്പിച്ച്‌ വീട്ടിലേക്ക‌്: ചികിത്സയിലായിരുന്ന വിദ്യാര്‍ഥി ചൊവ്വാഴ‌്ച ആശുപത്രി വിടും

കൊച്ചി> നിപാ രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുപത്തിമൂന്നുകാരനായ വിദ്യാര്‍ഥി ചൊവ്വാഴ‌്ച ആശുപത്രി വിടും. പിഴവുകളില്ലാത്ത ചികിത്സയിലൂടെയും പ്രതിരോധ പ്രവര്‍ത്തനത്തിലൂടെയും ഒരു ജീവന്‍പോലും നഷ‌്ടമാകാതെ വൈറസിനെ തുരത്താനായി. അതിന്റെ പ്രഖ്യാപനവും ചൊവ്വാഴ‌്ച ആസ‌്റ്റര്‍ മെഡ‌്സിറ്റി ആശുപത്രിയില്‍ രാവിലെ 8.30ന‌് മന്ത്രി കെ കെ ശൈലജ നടത്തും. 

മെയ‌് 30ന‌ാണ‌് പറവൂര്‍ തുരുത്തിപ്പുറം സ്വദേശിയായ യുവാവിനെ നിപാ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത‌്. ആരോഗ്യമേഖലയും സംസ്ഥാന സര്‍ക്കാര്‍ സംവിധാനമാകെയും ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ‌് രണ്ടാമതൊരാള്‍ക്ക‌് രോഗം പകരാതെ നിയന്ത്രണവിധേയമാക്കാനും 55 ദിവസം നീണ്ട ചികിത്സയിലൂടെ രോഗബാധിതനായ വിദ്യാര്‍ഥിക്ക‌് പൂര്‍ണ ആരോഗ്യവാനായി ആശുപത്രിവിടാനും കഴിഞ്ഞത‌്. കഴിഞ്ഞവര്‍ഷം കോഴിക്കോട്ട‌് 18 പേരുടെ മരണത്തിനിടയാക്കിയ നിപാ വൈറസ‌്ബാധ നിയന്ത്രണ വിധേയമായശേഷം രോഗത്തിന്റെ രണ്ടാംവരവാണ‌് എറണാകുളത്തുണ്ടായത‌്. 

തൊടുപുഴയിലെ എന്‍ജിനിയറിങ്‌ കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിക്ക‌് മെയ‌് അവസാനവാരമാണ‌് നിപാ രോഗലക്ഷണങ്ങള്‍ പ്രകടമായത‌്. വൈറല്‍ പനിയാണെന്ന ധാരണയില്‍ പറവൂരിലെ സ്വകാര്യ ക്ലിനിക്കുകളിലാണ‌് ആദ്യം ചികിത്സ തേടിയത‌്. മരുന്നുകള്‍ കഴിച്ചിട്ടും ദിവസങ്ങളോളം പനി മാറാതിരുന്നപ്പോള്‍ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. രോഗി കൂടുതല്‍ അസ്വസ്ഥതകള്‍ കാണിച്ചുതുടങ്ങിയ മെയ‌് 29ന‌് അര്‍ധരാത്രിയോടെയാണ‌് എറണാകുളത്തെ ആസ‌്റ്റര്‍ മെഡ‌്സിറ്റിയിലേക്ക‌് കൊണ്ടുവന്നത‌്. 

കടുത്ത പനിയും സംസാരിക്കുമ്ബോള്‍ നാവു കുഴയലും ശരീരത്തിന്റെ ബാലന്‍സ‌് തെറ്റലുമൊക്കെയായിരുന്നു അപ്പോഴുണ്ടായിരുന്ന ലക്ഷണം. 
തുടര്‍ന്ന‌് നടത്തിയ ലാബ‌് പരിശോധനകളിലൂടെ നിപാ ആകാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന‌് രോഗിയെ ഐസൊലേഷന്‍ വാര്‍ഡ‌് സജ്ജീകരിച്ച‌് അവിടേക്ക‌് മാറ്റി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എത്തി രോഗിയുടെ മൂന്ന‌് ക്ലിനിക്കല്‍ സാമ്ബിളുകള്‍ ശേഖരിച്ച‌് ലാബുകളിലേക്ക‌് അയച്ചു. ജൂണ്‍ നാലിന‌് പുണെ വൈറല്‍ ഇന്‍സ‌്റ്റിറ്റ്യൂട്ടില്‍നിന്ന‌് നിപാ സ്ഥിരീകരിക്കുന്ന പരിശോധനാഫലം എത്തി. രോഗം സ്ഥിരീകരിച്ചതോടെ എറണാകുളത്തിന‌് പുറമെ രോഗിയുടെ സാന്നിധ്യമുണ്ടായിരുന്ന തൃശൂര്‍, ഇടുക്കി ജില്ലകളിലും രോഗപ്രതിരോധത്തിനുള്ള ജാഗ്രതയുണ്ടായി. 

അനുദിനം രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. വിവിധ ഘട്ടങ്ങളില്‍ സാമ്ബിളുകള്‍ പരിശോധിച്ചു. ഏറ്റവുമൊടുവില്‍ മെഡിക്കല്‍ ബോര്‍ഡ‌് നിര്‍ദേശത്തിന‌് വിധേയമായാണ‌് ഡിസ‌്ചാര്‍ജ‌് തീരുമാനിച്ചത‌്.

Leave a Reply

Your email address will not be published. Required fields are marked *